ന്യൂയോര്‍ക്ക്: വിമാനയാത്രയ്ക്കിടെ അമ്മയേയും പ്രായപൂര്‍ത്തിയാകാത്ത മകളേയും സഹയാത്രികന്‍ മദ്യപിച്ച് ശല്യം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കാനും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ വിമാനക്കമ്പനിക്കെതിരെ പരാതി. അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ഡെല്‍റ്റ എയര്‍ലൈനിനെതിരെ പതിനാറര കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അമ്മയും മകളും കോടതിയെ സമീപിച്ചിരിക്കുന്നത്. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്ന് ആതന്‍സിലെ ഗ്രീസിലേക്കുള്ള 9 മണിക്കൂര്‍ യാത്രയ്ക്കിടെയാണ് അമ്മയും മകളും നിരവധി തവണ അപമാനിക്കപ്പെട്ടത്.
ജെഎഫ്കെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഡെല്‍റ്റ എയര്‍ലൈന്‍ വിമാനത്തിനുള്ളിലായിരുന്നു സംഭവം. അമ്മയും മകളും നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രശ്ന പരിഹാരത്തിന് ശ്രമിക്കാതെ മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന് വീണ്ടും മദ്യം നല്‍കിക്കൊണ്ടിരുന്ന വിമാന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയും ആവശ്യപ്പെട്ടു കൊണ്ടുള്ളതാണ് പരാതി. പത്ത് ഗ്ലാസോളം വോഡ്കയും ഒരു ഗ്ലാസ് വൈനും അകത്താക്കിയ ശേഷമായിരുന്നു യാത്രക്കാരന്റെ അതിക്രമം. ചൊവ്വാഴ്ചയാണ് പരാതി ഫയല്‍ ചെയ്തിട്ടുള്ളത്. മാന്യമായി പെരുമാറണമെന്ന യുവതിയുടെ ആവശ്യം അവഗണിച്ച യുവാവ് മകളെയും തന്നെയും കടന്നുപിടിക്കാനും ശ്രമിച്ചതായും പരാതി വിശദമാക്കുന്നു. വിമാനജീവനക്കാരി യാത്രക്കാരന് കൂടുതല്‍ മദ്യം നല്‍കുന്നതിനൊപ്പം അമ്മയോടും മകളോടും ശാന്തരായി ക്ഷമയോടെ ഇരിക്കാനായിരുന്നു വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടത് എന്ന് പരാതി വ്യക്തമാക്കുന്നു.
യുവതിയുടേയും മകളുടേയും ബുദ്ധിമുട്ട് ശ്രദ്ധിച്ച മറ്റ് യാത്രക്കാര്‍ പ്രശ്നത്തില്‍ ഇടപെട്ടെങ്കിലും വിമാന ജീവനക്കാരുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനം ഉണ്ടായില്ല. അമിതമായി മദ്യപിച്ച കണക്ടികറ്റ് സ്വദേശിയായ വിമാനത്തിലെ ശുചിമുറിയില്‍ ഛര്‍ദ്ദിച്ചതായും പരാതി വിശദമാക്കുന്നു. എന്നാല്‍ തിരികെ സീറ്റിലെത്തിയ ഇയാളുടെ കൈവശമുണ്ടായിരുന്നത് വൈന്‍ ഗ്ലാസായിരുന്നുവെന്നും പരാതിക്കാരി വിശദമാക്കുന്നു. യാത്രക്കാരിക്കും പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കും നേരെയുണ്ടായ അതിക്രമം തടയാന്‍ സാധിക്കുന്ന ഒന്നായിരുന്നുവെന്നാണ് ഇവരുടെ അഭിഭാഷകന്‍ വിശദമാക്കുന്നത്. മദ്യപിച്ച് ലക്ക് കെട്ട് ശല്യം ചെയ്യുന്നത് തുടര്‍ന്ന യാത്രക്കാരന് മറ്റൊരു സീറ്റ് നല്‍കണമെന്ന അമ്മയുടേയും മകളുടേയും ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്നും പരാതി വിശദമാക്കുന്നു.
ബഹളം കേട്ട് ഭയന്നുപോയ പതിനാറുകാരിയെ യുവാവ് കടന്നുപിടിച്ചതായും പരാതിയില്‍ പറയുന്നു. സംഭവങ്ങള്‍ ഇത്രയുമായതിന് പിന്നാലെ മറ്റ് യാത്രക്കാര്‍ അമ്മയ്ക്കും മകള്‍ക്കുമായി അവരുടെ സീറ്റ് നല്‍കുകയായിരുന്നു. സംഭവത്തേക്കുറിച്ച് വിമര്‍ശനം ഉയര്‍ന്നതോടെ യുവതിയോടും മകളോടും വിമാന ജീനക്കാര്‍ ക്ഷമാപണം നടത്തിയതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.