ന്യൂയോർക്ക്∙ യുഎസിൽ സാങ്കേതികത്തകരാറിനെത്തുടർന്ന് പറക്കുന്നതിനിടെ 28,000 അടി താഴേക്ക് പതിച്ച് വിമാനം. ക്യാബിൻ പ്രഷർ നഷ്ടപ്പെട്ടതിനെത്തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്നും വിമാനം സുരക്ഷിതമായി വിമാനത്താവളത്തിൽ ഇറക്കിയെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചു.നെവാർക്ക് ലിബർട്ടി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബുധനാഴ്ച പ്രാദേശിക സമയം രാത്രി 8.37ന് റോമിലേക്ക് പുറപ്പെട്ട ബോയിങ് 777 വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. സാങ്കേതിക പ്രശ്നം അനുഭവപ്പെട്ട 10 മിനിറ്റിനുള്ളിൽ വിമാനം 28,000 അടി താഴേക്കു പതിച്ചു. ഇതോടെ വിമാനം നെവാർക്ക് വിമാനത്തവളത്തിലേക്ക് തിരിച്ചുവിട്ടു. പുലർച്ചെ 12.27ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. 270 യാത്രക്കാരും 14 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പാടാക്കി നൽകി. വൻ ദുരന്തത്തിൽനിന്നാണ് വിമാനം രക്ഷപ്പെട്ടത്. ഡിസംബറിലും സമാനമായ സംഭവമുണ്ടായിരുന്നു. സാൻ ഫ്രാൻസിസ്കോയിലേക്കു പോയ വിമാനം 2,200 അടി താഴ്ചയിലേക്കാണ് പതിച്ചത്.