തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ മുന്‍ എംഎല്‍എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരീനാഥനെ കസ്റ്റഡിയിൽ വിടണമെന്ന് പൊലീസിന്റെ അപേക്ഷ. െപാലീസിന്റെ കസ്റ്റഡി അപേക്ഷയും റിമാൻഡ് റിപ്പോർട്ടും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്നു. വാട്സാപ് ഉപയോഗിച്ച ഫോൺ പരിശോധിക്കണമെന്നും അതിന് കസ്റ്റഡി വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഫോൺ ഹാജരാക്കാമെന്ന് ശബരീനാഥൻ കോടതിയെ അറിയിച്ചു.
കേസിലെ നാലാം പ്രതിയാണ് ശബരീനാഥൻ. കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. ശബരീനാഥനെ കോടതിയിൽ ഹാജരാക്കി. ഗൂഢാലോചന നടത്തിയെന്നു കാട്ടി ഇന്നു രാവിലെയാണ് ശബരീനാഥനെ അറസ്റ്റു ചെയ്തത്. ഗൂഢാലോചന, വധശ്രമം, കൂട്ടംചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു കാട്ടി ലഭിച്ച നോട്ടിസ് പ്രകാരം രാവിലെ 10.35 നാണ് ശബരീനാഥൻ സ്റ്റേഷനിലെത്തിയത്. 10.40 ന് അദ്ദേഹം ശംഖുമുഖം എസിപിയുടെ മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11 ന് ശബരീനാഥന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വാദം ആരംഭിച്ചു. ഈ വാദത്തിടെ 11.10 ഓടെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ വിവരം സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.