മുൻനിര ഇകൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിന്റെ ഗ്രാൻഡ് ഗാഡ്‌ജെറ്റ് ഡേയ്‌സ് സെയിൽ തുടങ്ങി. മൂന്നിലൊന്ന് വിലയ്ക്കാണ് ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ വിൽക്കുന്നത്. ഗ്രാൻഡ് ഗാഡ്‌ജെറ്റ് ഡേയ്‌സ് സെയിൽ ജനുവരി 26 വരെയുണ്ടാകും. ഇലക്ട്രോണിക്‌സ്, ആക്‌സസറികൾ എന്നിവയിൽ 80 ശതമാനം വരെയാണ് കിഴിവ് ലഭിക്കുക.
ഡിജിറ്റൽ ക്യാമറകൾ, സ്മാർട് വാച്ചുകൾ, ട്രൂലി വയർലെസ് സ്റ്റീരിയോ (TWS) ഇയർബഡുകൾ, ലാപ്‌ടോപ്പുകൾ, മോണിറ്ററുകൾ, പ്രൊജക്ടറുകൾ, ഗെയിമിങ് ഹെഡ്‌സെറ്റുകൾ, മൗസും കീബോർഡും ഉൾപ്പെടെയുള്ള കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, ഹെഡ്‌ഫോണുകൾ, സ്പീക്കറുകൾ, സ്റ്റോറേജ് ഉപകരണങ്ങൾ എന്നിവ ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. വിവിധ ബാങ്ക് ഓഫറുകളും ക്യാഷ്ബാക്കുകളും കൂടാതെ നോ കോസ്റ്റ് ഇഎംഐ പോലുള്ള ഓപ്‌ഷനുകളും തിരഞ്ഞെടുക്കുന്നതിലൂടെ അധിക കിഴിവ് ലഭിക്കും.
ഫ്ലിപ്കാർട്ടിന്റെ വെബ്‌പേജിലെ റിപ്പോർട്ട് അനുസരിച്ച് ടിഡബ്ല്യുഎസ് ഇയർഫോണുകൾ പ്രാരംഭ വിലയായ 799 രൂപയ്ക്ക് വരെ വാങ്ങാം. അവതരിപ്പിക്കുമ്പോൾ 4,999 രൂപ വിലയുണ്ടായിരുന്ന ഫയർ-ബോൾട്ട് ടോക്ക് സ്മാർട് വാച്ചിന്റെ ഓഫർ വില 2,999 രൂപയാണ്. 3,999 രൂപയ്ക്ക് വരെ ക്യാമറകൾ ലഭ്യമാണ്. ഡെൽ ലാപ്‌ടോപ്പുകൾ 30 ശതമാനം വരെ കിഴിവിൽ വാങ്ങാം. ഇയർ 1 ടിഡബ്ല്യൂഎസ് ഇയർഫോണുകൾ 5,499 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എച്ച്പി മൗസ്, കീബോർഡ് കോമ്പോകൾ 199 രൂപ മുതൽ ലഭ്യമാണ്. പ്രീമിയം ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കും ഫ്ലിപ്കാർട്ട് ഡിസ്‌കൗണ്ട് നൽകുന്നുണ്ട്. 64 ജിബി സ്റ്റോറേജുള്ള ആപ്പിൾ ഐപാഡ് (9th ജെൻ) 30,990 രൂപയ്ക്ക് വാങ്ങാം. സാംസങ് ഗാലക്‌സി ടാബ് എ7 വൈഫൈ വേരിയന്റ് 15,999 രൂപയ്ക്കും ലഭ്യമാണ്.