കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ഫ്ലൈ നാസ് സർവിസ് പുനരാരംഭിക്കുന്നു. ഫെബ്രുവരി എട്ട് മുതൽ കോഴിക്കോട് – റിയാദ് സെക്ടറിലാണ് എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവിസ്. നേരത്തേയുള്ള ഷെഡ്യൂൾ പ്രകാരം ജനുവരി 11 നായിരുന്നു ആരംഭിക്കേണ്ടത്. അനുമതി വൈകിയതിനെ തുടർന്നാണ് നീണ്ടത്. റിയാദ് സെക്ടറിൽ ആഴ്ചയിൽ മൂന്ന് സർവിസാണ് നടത്തുക. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ 7.30ന് റിയാദിൽനിന്ന് എത്തുന്ന വിമാനം 8.30ന് മടങ്ങും. ജിദ്ദ, ദമ്മാം, മദീന, ജീസാൻ, അബഹ, അൽഹസ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് എല്ലാം സർവിസിന് കണക്ഷൻ വിമാനം ലഭിക്കും.