കുതിരാൻ (തൃശൂർ)∙ തൃശൂർ– പാലക്കാട് ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് 500 മീറ്റർ അകലെ വഴുക്കുംപാറ മേൽപാതയുടെ ഭാഗം ഇടിഞ്ഞുതാഴ്ന്നു. കുതിരാനിൽനിന്നു തൃശൂരിലേക്കുള്ള 3 വരിപ്പാതയിൽ കഴിഞ്ഞ ആഴ്ച വലിയ വിള്ളലുണ്ടായ സ്ഥലത്താണു റോഡ് താഴ്ന്നത്. ഇരുദിശകളിലേക്കുമായി ആറുവരിപ്പാതയുള്ള ഇവിടെ ഗതാഗതം ആകെ 4 വരികളിൽ മാത്രമാക്കി.
നിലത്തുനിന്നു 30 അടി ഉയരത്തിലാണ് ആറുവരിപ്പാത. 2 അടി താഴ്ചയിൽ 25 അടി നീളത്തിലാണു റോഡ് ഇടിഞ്ഞു താഴ്ന്നത്. മഴ ശക്തമായാൽ കൂടുതൽ ഭാഗം ഇടിയുമെന്ന് ആശങ്കയുണ്ട്. വിള്ളലിൽ മഴവെള്ളമിറങ്ങാതിരിക്കാൻ കരാർ കമ്പനിക്കാർ സിമന്റ് മിശ്രിതമുപയോഗിച്ചു വിള്ളൽ അടച്ചിരുന്നു. എന്നാൽ ശക്തമായ മഴ പെയ്തതോടെ വെള്ളം താഴേക്കിറങ്ങി ഒരു ഭാഗം മുഴുവൻ ഇടിഞ്ഞുതാഴുകയായിരുന്നു. കഴിഞ്ഞ ഒന്നരമാസത്തിനിടെ 3 തവണ ഇവിടെ വിള്ളൽ രൂപപ്പെട്ടിരുന്നു. എന്നാൽ ഗതാഗതം നിരോധിച്ചിരുന്നില്ല.
കഴിഞ്ഞ ആഴ്ച കൂടുതൽ വലിയ വിള്ളലുണ്ടായതോടെ ഗതാഗതം ഒറ്റ വരിയാക്കി. ടോൾ പിരിക്കാൻ തിരക്കിട്ട് ഗുണപരിശോധനയില്ലാതെ പാത നിർമിച്ചതും മേൽപാതയുടെ ഇരുവശങ്ങളിലെയും മതിലിനു മതിയായ ചരിവില്ലാത്തതുമാണു ഇടിയാൻ കാരണമെന്നു സൂചനയുണ്ട്.
സുരക്ഷ മുൻനിർത്തി മേൽപാതയോടു ചേർന്നു പ്രവർത്തിക്കുന്ന വർക് ഷോപ്, അങ്കണവാടി, വായനശാല, ഹെൽത്ത് സെന്റർ എന്നിവ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് പൊലീസ് അറിയിച്ചു.
മേൽപാതയുടെ വശത്തുള്ള ഇപ്പോഴത്തെ ഭിത്തി ദുർബലമായതിനാൽ പുതിയ ഭിത്തിയുടെ നിർമാണം ഉടൻ തുടങ്ങാൻ ദേശീയപാത അതോറിറ്റി കരാർ കമ്പനിക്കു നിർദേശം നൽകി. നിലവിലുള്ള ഭിത്തിയോടു ചേർന്നാണിതു നിർമിക്കുക.
4 മാസത്തിനകം, 30 അടി ഉയരത്തിലും 250 മീറ്റർ നീളത്തിലുമുള്ള ഭിത്തി പൂർത്തിയാക്കാനാണു നിർദേശം.