പട്ന : കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസിൽ മുഖ്യപ്രതിയായ മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി വിധിച്ചു. 21ന് ശിക്ഷ പ്രഖ്യാപിക്കും. തെളിവുകളുടെ അഭാവത്തില്‍ കേസില്‍ പ്രതികളായ 6 സ്ത്രീകൾ ഉള്‍പ്പെടെ 24 പേരെ കോടതി വെറുതെ വിട്ടു. ഡൊറാൻഡ ട്രഷറിയിൽനിന്നു 139.35 കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്. ആദ്യത്തെ നാലു കേസുകളിൽ തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിനു ജാമ്യം ലഭിച്ചിരുന്നു. 2017 ഡിസംബർ മുതൽ മൂന്നര വർഷത്തിലേറെ ജയിൽവാസം അനുഭവിച്ച ശേഷമാണു ലാലുവിനു ജാമ്യം അനുവദിച്ചത്. ലാലു യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെയാണു മൃഗക്ഷേമ വകുപ്പിൽ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം അരങ്ങേറിയത്.