കാൺപൂർ: ഉത്തർപ്രദേശിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാക്കള്‍ മുത്തച്ഛനടക്കം രണ്ട് പേരെ കുത്തിക്കൊന്നു. കുത്തേറ്റ് പ്രതികളിലൊരാളുടെ പിതാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കാൺപൂരിലെ ദേഹത് ജില്ലയിൽ അംരോധ ടൗണിൽ ഇന്ന് പുലർച്ചെയാണ് ക്രൂരമായ കൊലപാതകം നടന്നത്. രാം പ്രകാശ് ദ്വിവേദി (83), മകൻ വിമലിന്റെ ലിവ്-ഇൻ പങ്കാളി ഖുശ്ബു (30) എന്നിവരാണ് കെല്ലപ്പെട്ടത്. ആക്രമണത്തിൽ വിമലിന് (63) ഗുരുതരമായി പരിക്കേറ്റു.
മുപ്പതുകാരിയായ ഖുശ്ബുവുമായുള്ള വിമലിന്‍റെ ലിവ്-ഇൻ റിലേഷനെ ചൊല്ലി കുടുംബത്തിൽ നിരന്തരം വഴക്കുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വിമലിന്‍റെ മകനായ ലളിത്(48), അർദ്ധ സഹോദരനായ അക്ഷത്(18) എന്നിവരാണ് മുത്തച്ഛനടക്കം മൂന്ന് പേരെ കുത്തിയത്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. ലളിതും അക്ഷതും രാവിലെ വിമലിന്‍റെ വീട്ടിലെത്തി. ഖുശ്ബുവുമായുള്ല ബന്ധത്തെചൊല്ലി തർക്കമുണ്ടാവുകയും ഇരുവരും മുത്തച്ഛൻ രാം പ്രകാശിനെയും ഖുശ്ബുവിനെയും മർദ്ദിക്കുയും ചെയ്തു. വാക്കേറ്റത്തിനിടെ പ്രകോപിതരായ ഇരുവരും രാം പ്രകാശിനെയും ഖുശ്ബുവിനെയും കത്തികൊണ്ട് കുത്തുകയായിരുന്നു. ഇരുവരെയും പ്രതികൾ നിരവധി തവണ കുത്തിപ്പരിക്കേൽപ്പിച്ചതായി ദേഹത് പൊലീസ് സൂപ്രണ്ട് ടിഎസ് മൂർത്തി പറഞ്ഞു.
കുത്തേറ്റ് ലളിതിന്‍റെ പിതാവ് വിമലിനും ഗുരുതര പരിക്കേറ്റു. അയൽവാസികളാണ് മൂവപരെയും കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രാം പ്രകാശ് ദ്വിവേദിയും ഖുശ്ബുവും മരണപ്പെട്ടിരുന്നു. വിമൽ ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തങ്ങളാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും 30 കാരിയായ ഖുശ്ബുവുമായുള്ള പിതാവിന്‍റെ തങ്ങള്‍ അതൃപ്തരായിരുന്നുവെന്നും ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.