അമൃത്സർ: വിഘടനവാദി നേതാവും ഖലിസ്ഥാൻ അനുകൂലിയുമായ അമൃത്പാൽ സിങ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത് ബൈക്കിലെന്ന് വിവരം. അതേസമയം വീട്ടിൽനിന്ന് പോകുന്നതിനു മുൻപ് പോലീസിന് അമൃത് പാലിനെ അറസ്റ്റ് ചെയ്യാൻ കഴിയുമായിരുന്നു എന്ന് പിതാവ് പറയുന്നു. വീട് റെയ്ഡ് ചെയ്ത പോലീസ് കുറ്റകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും മകൻ്റെ ഒരു വിവരവും അറിയില്ലെന്നും അമൃത്പാൽ സിങിൻ്റെ പിതാവ് താർസേം സിങ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം അമൃത്പാൽ സിങ്ങിനായി സംസ്ഥാന വ്യാപകമായി തെരച്ചിൽ തുടരുകയാണെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. അമൃത്പാലുമായി അടുപ്പമുള്ള 78 പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോസ്ഥരെ ഏകോപിപ്പിച്ച് രൂപികരിച്ച പ്രത്യേക സംഘത്തെയാണ് അമൃത്പാലിനെ പിടികൂടാൻ നിയോഗിച്ചിരിക്കുന്നത്.
സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ മേഖലകളിൽ വൻ സുരക്ഷ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്നു ഉച്ച വരെ പഞ്ചാബിലെ വിവിധ ജില്ലകളിൽ ഇൻറർനെറ്റും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പഞ്ചാബിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. അമൃത്പാലിന്റെ അറസ്റ്റോടെ ഉണ്ടാകാൻ ഇടയുള്ള സംഘർഷം നേരിടാൻ പഞ്ചാബ് പൊലീസിനെയും അർധ സൈനിക വിഭാഗത്തെയുമാണ് വിന്യസിച്ചിരിക്കുന്നത്.