കോയമ്പത്തൂർ : കോയമ്പത്തൂരിൽ ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളിയുടെ മുഖത്തടിച്ച പോലീസുകാരൻ അറസ്റ്റിൽ. വഴിയാത്രക്കാരിയെ ഇടിച്ചിട്ട സ്കൂൾ വാൻ തടയാൻ ശ്രമിച്ചതിനാണ് ഭക്ഷണ വിതരണ തൊഴിലാളിയായ സോമസുന്ദരത്തെ സിംഗനല്ലൂർ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സതീഷ് എന്ന പോലീസുകാരൻ മർദിച്ചത്. കോയമ്പത്തൂർ അവിനാശി റോഡിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സംഭവം. കോൺസ്റ്റബിളായ സതീഷ്, അവിനാശി റോഡിലെ ഒരു ജംഗ്ഷനിൽ വെച്ച് ജനക്കൂട്ടത്തിന് നടുവിൽ വെച്ചാണ് ഓൺലൈൻ ഭക്ഷണവിതരണശൃംഖലയായ സ്വിഗ്ഗിയുടെ വിതരണത്തൊഴിലാളി മോഹനസുന്ദരത്തിന്റെ മുഖത്തടിച്ചത്.
ഒരു സ്വകാര്യ സ്കൂൾ വാൻ അമിതവേഗതയിൽ പാഞ്ഞുവരുന്നത് കണ്ട മോഹനസുന്ദരം വാഹനം തടഞ്ഞു. രണ്ട് ഇരുചക്രവാഹനങ്ങളെ ഇടിച്ചിട്ടേക്കാമെന്ന രീതിയിൽ പാഞ്ഞുവന്ന വാൻ ഒരു കാൽനടയാത്രക്കാരനെയും ഇടിക്കുന്ന അവസ്ഥയിലെത്തി. ഇതിനിടെയാണ് മോഹനസുന്ദരം വാഹനം തടഞ്ഞിട്ടത്. ഇത് അവിനാശി റോഡിലെ ജംഗ്ഷനിൽ ചെറിയ ഗതാഗതക്കുരുക്കിന് ഇടയാക്കി.ഇതിനിടെ സ്ഥലത്തേക്ക് ഓടിയെത്തിയ ട്രാഫിക് പോലീസുകാരൻ മോഹനസുന്ദരത്തെ രണ്ട് തവണ മുഖത്തടിക്കുകയും, അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തത്. മോഹനസുന്ദരത്തിന്റെ ടൂവീലർ തള്ളിയിടുന്നതും, ഇത് വഴി പോയ യാത്രക്കാരൻ പകർത്തി പുറത്തുവിട്ട വിഡിയോയിൽ കാണാം. ഈ സ്കൂൾ ബസിന്റെ ന്റെ ഓണർ ആരാണെന്ന് അറിയാമോ എന്ന് ചോദിച്ചാണ് മോഹനസുന്ദരത്തെ ട്രാഫിക് പൊലീസുകാരൻ കൈകാര്യം ചെയ്തത്.
യാത്രക്കാരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമായി. പോലീസുകാരനെ ആദ്യം കൺട്രോൾ റൂമിലേക്ക് സ്ഥലം മാറ്റുകയും പിന്നീട് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സോമസുന്ദരം പോലീസിന് പരാതിയും നൽകി. സംഭവം വിവാദമായതോടെ സതീഷിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. മുപ്പത്തിയെട്ടുകാരനായ മോഹനസുന്ദരം കഴിഞ്ഞ രണ്ട് വർഷമായി സ്വിഗ്ഗിയിൽ ഭക്ഷണവിതരണ തൊഴിലാളിയായി ജോലി ചെയ്യുകയാണ്.