തിരുവനന്തപുരം : റേഷൻ വ്യാപാരികളുടെ സമരത്തിൽ പ്രതികരിച്ച് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. പൊതുവിതരണ മേഖലകളിൽ സംഘടനകൾ സമരം നടത്താറുണ്ടെന്ന് പറഞ്ഞ മന്ത്രി അവരുടെ ആവശ്യങ്ങളില്‍ ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കുമെന്നും പറഞ്ഞു. റേഷൻ മുടങ്ങുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് വാതിൽ പടി മേഖലയിലുള്ളവരുമായി ചർച്ചചെയ്തത്. അതിൽ തീരുമാനം ഉണ്ടായെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. റേഷൻ ലൈസൻസികളുടെ വേതന വർധനയിലും മന്ത്രി പ്രതികരിച്ചു. സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി അവർക്ക് അറിയാവുന്നതാണല്ലോ. അവർ പറയുന്നത് ന്യായം തന്നെയാണ്. കേരളമാണ് ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം. വേതന വർധനവ് പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി. പൊതുവേ രംഗത്ത് കഴിഞ്ഞ മാസത്തേക്കാൾ വിതരണത്തിൽ ആറ് ശതമാനം വർധന ഉണ്ടായിട്ടുണ്ട്. സമരങ്ങൾ ജനങ്ങളിൽ ഭീതി ഉണ്ടാക്കുന്ന രീതിയിലേക്ക് എത്തിക്കരുത്. റേഷൻ കടകൾ അടച്ചുപൂട്ടുന്ന നിലപാട് സർക്കാരിനില്ല. പുതിയ കടകൾക്ക് വേണ്ടി നൂറുകണക്കിന് അപേക്ഷകൾ വരുന്നുണ്ട്. ജനങ്ങൾക്ക് പ്രയാസമുണ്ടാകരുത്. ഇത് ഒരു ദിവസത്തെ സമരമാണ്. വിഷയം ചർച്ച ചെയ്യും. ഉടൻതന്നെ ചർച്ച നടത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.