തിരുവനന്തപുരം∙ സംസ്ഥാന വ്യാപകമായി ഇന്ന് 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു. 145 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്കി.എറണാകുളം ജില്ലയിൽ നാലു ഭക്ഷണശാലകൾ പൂട്ടിച്ചു. 9 എണ്ണത്തിന് പിഴയിട്ടു. എറണാകുളത്ത് അഞ്ചു സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി.
പരിശോധന കർശനമാകുന്നതിനിടയിലും കാസർകോട് ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാർഥിനി മരിച്ചു. കോളജ് വിദ്യാർഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതിയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചത്. ആറു ദിവസത്തിനിടെ സംസ്ഥാനത്ത് ഭക്ഷ്യവിഷ ബാധയേറ്റ് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് അഞ്ജുശ്രീ. ഇടുക്കിയിൽ ഷവർമ കഴിച്ച് ഒരു കുടുംബത്തിലെ 7 വയസ്സുകാരനടക്കം 3 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു.