മുന്തിരി ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികം പേരും. എന്നാൽ മുന്തിരി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. മുന്തിരി കഴിക്കുന്നത് ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. കാരണം അവയിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു.
വ്യത്യസ്‌ത ഇനം മുന്തിരികളുണ്ട്. പച്ച, ചുവപ്പ്, കറുപ്പ, എന്നിങ്ങനെ വിവിധ നിറങ്ങളിൽ മുന്തിരികളുണ്ട്. ചില മുന്തിരികളിൽ വിത്തുകളുമുണ്ട്. ചിലതിൽ കുരുവില്ല. ചുവന്ന മുന്തിരി റെസ്‌വെറാട്രോൾ എന്ന സംയുക്തം ഹൃദയ സംബന്ധമായ ആരോഗ്യത്തെയും വൈജ്ഞാനിക ആരോഗ്യത്തെയും പിന്തുണയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. എന്നാൽ എല്ലാ മുന്തിരികളും ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ്. കൂടാതെ ആൻറി-കാർസിനോജെനിക്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
ഉയർന്ന പോഷകഗുണങ്ങളും ആൻറി ഓക്സിഡൻറുകളും ഉള്ളതിനാൽ, മുന്തിരി നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഒരു കപ്പ് മുന്തിരിയിൽ ഫൈബർ, കോപ്പർ, വിറ്റാമിൻ കെ, തയാമിൻ (വിറ്റാമിൻ ബി1), റൈബോഫ്ലേവിൻ (വിറ്റാമിൻ ബി2), വിറ്റാമിൻ ബി 6, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയ പോഷകങ്ങൾ നൽകുന്നു.
മുന്തിരിയുടെ ആരോഗ്യഗുണങ്ങൾ…
മുന്തിരി കഴിച്ചാൽ ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്ന് വിദഗ്ധർ പറയുന്നു. മുന്തിരിയിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. കൊളസ്‌ട്രോൾ ആഗിരണം കുറയ്ക്കുന്നതിലൂടെ ഉയർന്ന കൊളസ്‌ട്രോളിനെ പ്രതിരോധിക്കാൻ മുന്തിരിക്ക് കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
മുന്തിരിയിൽ നിരവധി ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. മുന്തിരിയുടെ തൊലിയിലും വിത്തുകളിലുമാണ് ആന്റിഓക്‌സിഡന്റുകളുടെ ഏറ്റവും ഉയർന്ന സാന്ദ്രത കാണപ്പെടുന്നതെന്ന് വിദഗ്ധർ പറയുന്നു. മുന്തിരിയിലെ ആന്റിഓക്‌സിഡന്റുകൾ ചിലതരം ക്യാൻസറുകളെ പ്രതിരോധിക്കും.
മിതമായ അളവിൽ മുന്തിരി കഴിക്കുന്നത് പ്രമേഹത്തിൽ നിന്ന് സംരക്ഷിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. മാത്രമല്ല മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കാനും മുന്തിരിക്ക് കഴിയും.
മുന്തിരി അമിതമായി കഴിച്ചാൽ സംഭവിക്കുന്നത്…
വലിയ അളവിൽ മുന്തിരി കഴിക്കുന്നത് വയറിളക്കത്തിന് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. ചില ആളുകൾക്ക് മുന്തിരി അലർജി പ്രതിപ്രവർത്തനങ്ങൾ ഉണ്ടാക്കാറുണ്ട്. മറ്റ് ചില പാർശ്വഫലങ്ങൾ ചുമ, തലവേദന എന്നിവയ്ക്കും കാരണമാകും.
മുന്തിരിയിൽ വിറ്റാമിൻ കെ അടങ്ങിയിരിക്കുന്നതിനാൽ, വാർഫറിൻ പോലെയുള്ള രക്തം കട്ടി കുറയ്ക്കുന്നവ ശരീരത്തിൽ പ്രവർത്തിക്കുന്ന രീതിയെ അവ ബാധിച്ചേക്കാം. ഗർഭാവസ്ഥയുടെ അവസാന ത്രിമാസത്തിൽ മുന്തിരി കഴിക്കുന്നത് ഒഴിവാക്കണമെന്നും വിദഗ്ധർ പറയുന്നു. മുന്തിരി പോലുള്ള പഴങ്ങൾ വെറും വയറ്റിൽ കഴിക്കണം. കാരണം അവ ദഹനപ്രക്രിയയെ സഹായിക്കും. ഉച്ചയ്ക്ക് ലഘുഭക്ഷണമായും മുന്തിരി കഴിക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.