ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് ഉറക്കം മനുഷ്യന് ഏറെ അനുവാര്യമായ കാര്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് എല്ലാം കാരണമാകും. പല കാരണങ്ങള്‍ക്കൊണ്ടും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരാം. സ്ട്രെസും മറ്റുമൊക്കെ ഇതിന് കാരണങ്ങളാണ്. അതുപോലെ തന്നെ ഭക്ഷണത്തിലെ ചില പോഷകങ്ങള്‍ ഉറക്കത്തെ സ്വാധീനിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഭക്ഷണക്രമത്തില്‍ ചിലത് കൂടുതലായി ഉള്‍പ്പെടുത്തുകയും സ്ഥിരമായി കഴിക്കുകയും ചെയ്‌താല്‍ ഉറക്കക്കുറവ് പരിഹരിക്കാം.
രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
- ഒന്ന്…
- പാല്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു ഗ്ലാസ് ചൂട് പാല്‍ എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും. പാലിലുള്ള കാത്സ്യമാണ് ഉറക്കം കിട്ടാനുള്ള കാരണം. ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിന്‍’ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ‘ട്രിപ്റ്റോഫാനെ’ തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനമാണ് കാത്സ്യം ചെയ്യുന്നത്.
- രണ്ട്…
- ബദാം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തില്‍ മഗ്നീഷ്യം അളവ് കുറയുമ്പോള്‍ ചിലരില്‍ ഉറക്കക്കുറവ് അനുഭവപ്പെടാം. മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു.
- മൂന്ന്…
- മത്തന്‍ വിത്ത് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വറുത്തെടുത്ത മത്തന്‍ വിത്ത് നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു.
- നാല്…
- നേന്ത്രപ്പഴം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രാത്രിയില്‍ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാന്‍ സഹായിക്കും. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതാണ് നേന്ത്രപ്പഴം. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇത് മസ്തിഷ്‌കത്തിലെ ഉഷ്ണനില താഴ്ത്തി നിര്‍ത്തുന്നതിനും ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
ഉറക്കം നഷ്ടപ്പെടുത്തുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
1. എരുവുള്ള ഭക്ഷണങ്ങള്‍ രാത്രി കഴിക്കുന്നത് ഉറക്കത്തെ നഷ്ടപ്പെടുത്താം. രാത്രി എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കാനും കാരണമാകും.
2. വൈറ്റ് ബ്രെഡ് കഴിക്കുന്നത് ശരീരമാത്രം കൂട്ടുക മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും കാരണമാകും. ഇതും ഉറക്കത്തെ നഷ്ടപ്പെടുത്താം.
3. രാത്രി ഐസ്ക്രീം കഴിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ല ഉറക്കം ലഭിക്കാന്‍ നല്ലത്. പഞ്ചസാരയും ഫാറ്റും ധാരാളം അടങ്ങിയ ഇവ ശരീരഭാരം വര്‍ധിപ്പിക്കാനും കാരണമാകും.
4. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും രാത്രി ഒഴിവാക്കുന്നതാണ് ഉറക്കം ലഭിക്കാന്‍ നല്ലത്. ഫാറ്റ് ധാരാളം അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ ദഹിക്കാനും സമയമെടുക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.