അണ്ഡാശയത്തില്‍ ചെറിയ വളര്‍ച്ചകള്‍ രൂപപ്പെടുന്ന അവസ്ഥയാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. ചില ഹോർമോൺ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവർത്തനരീതിയിൽ വ്യതിയാനം വരുന്നതിന്റെ ഫലമായാണ് പിസിഒഡി എന്ന അവസ്ഥ ഉണ്ടാകുന്നത്. ക്യത്യസമയത്ത് ചികിത്സ ലഭ്യമായില്ലെങ്കില്‍ അത് ഭാവിയില്‍ ചിലരില്‍ വന്ധ്യത പോലുള്ള ഗൗരവതരമായ അവസ്ഥകളിലേക്ക് വരെ നയിച്ചേക്കാം. മോശം ജീവിതശൈലി, ജനിതക കാരണങ്ങള്‍, സമ്മർദ്ദം, എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ പിസിഒഡിയിലേയ്ക്ക് നയിച്ചേക്കാം.
ആർത്തവത്തിലുണ്ടാവുന്ന ക്രമക്കേടുകളാണ് പിസിഒഡിയുടെ പ്രാഥമികവും പ്രധാനപ്പെട്ടതുമായ ലക്ഷണം.കൃത്യമായ ഡേറ്റില്‍ ആര്‍ത്തവം സംഭവിക്കാതിരിക്കുക, അമിത രക്തസ്രാവം, ബ്ലീഡിംഗ് നീണ്ടുപോവുക, ആര്‍ത്തവമില്ലാതിരിക്കുക, ഒരു മാസം ഒന്നിലധികം തവണ ബ്ലീഡീംഗ് വരിക എന്നിങ്ങനെ പല ക്രമക്കേടുകളും പിസിഒഡിയുടെ ഭാഗമായി വരാം. ആര്‍ത്തവസമയത്തെ അസഹനീയമായ വേദന, ആര്‍ത്തവത്തിന് മുന്നോടിയായി അസ്വസ്ഥതകള്‍, ദേഷ്യം, ഉത്കണ്ഠ തുടങ്ങിയവയും ചിലരില്‍ ഉണ്ടാകാം. ശരീരത്തിലെ അമിത രോമവളര്‍ച്ച, മുഖക്കുരു, ശരീരഭാരം വര്‍ധിക്കുക തുടങ്ങിയവയും ചിലരില്‍ പിസിഒഡി മൂലം ഉണ്ടാകാറുണ്ട്. ഇതൊരു മെറ്റബോളിക് അവസ്ഥയാണ്, നല്ല ഭക്ഷണക്രമത്തിലൂടെ ഇവയെ നിയന്ത്രിക്കാം.
പിസിഒഡിയുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍…
ധാന്യങ്ങൾ, പയർവർഗങ്ങൾ, സംസ്കരിക്കാത്ത ഭക്ഷണങ്ങൾ, ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ, ചെറി, ചുവന്ന മുന്തിരി, മൾബെറി, ബെറി പഴങ്ങള്‍ തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് പിസിഒഡിയുള്ളവര്‍ ക്ക് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്. നെയ്യ്, അവോക്കാഡോ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങളും പിസിഒഡിയുള്ളവര്‍ക്ക് കഴിക്കുന്നത് നല്ലതാണ്. മധുരമുള്ള ഭക്ഷണങ്ങൾ, പൂരിത കൊഴുപ്പുകൾ പോലുള്ളവ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
പിസിഒഡിയുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍…
അരിയാഹാരം, മധുരം അടങ്ങിയ ഭക്ഷണങ്ങള്‍, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ പരമാവധി നിയന്ത്രിക്കുക. അതുപോലെ ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, മൈദ അടങ്ങിയ ഭക്ഷണസാധനങ്ങൾ തുടങ്ങിയവയും ഒഴിവാക്കുക.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.