വന്ധ്യത സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ഒരുപോലെ ബാധിക്കുന്നൊരു പ്രശ്നമാണ്. പല കാരണങ്ങളും വന്ധ്യതയിലേക്ക് നയിക്കാം. പ്രത്യേകിച്ച് ജീവിതരീതികളില്‍ സംഭവിച്ചിട്ടുള്ള പോരായ്മകളുടെ പ്രതികരണമെന്ന നിലയ്ക്ക് ആണ് വന്ധ്യത അധികപേരിലും കണ്ടുവരുന്നത്. അമിതവണ്ണം, ഇതുമൂലമുള്ള ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, മാനസിക സമ്മര്‍ദ്ദങ്ങള്‍, കായികാധ്വാനമോ വ്യായാമമോ ഇല്ലാത്ത അവസ്ഥ എന്നിങ്ങനെ പല ഘടകങ്ങളും വന്ധ്യതയിലേക്ക് നയിക്കാം.
എന്നാല്‍ വന്ധ്യത എപ്പോഴും വ്യക്തികളുടെ പോരായ്കയോ ശ്രദ്ധക്കുറവോ ആണെന്ന നിഗമനം ശരിയല്ല. തീര്‍ത്തും ജീവശാസ്ത്രപരമായ കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. വന്ധ്യത, തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ അതിന്‍റെ കാരണം കണ്ടെത്തി ചികിത്സ തേടുകയാണ് വേണ്ടത്. മറിച്ച്, അത് തന്‍റെ തെറ്റോ കഴിവുകേടോ ആണെന്ന് സ്വയം വ്യക്തികള്‍ ചിന്തിക്കുന്നതും മറ്റുള്ളവര്‍ അത്തരത്തില്‍ ആരോപിക്കുന്നതുമെല്ലാം ഒരുപോലെ അപക്വമാണ്.
ഇവിടെയിതാ സ്ത്രീകളില്‍ വന്ധ്യത അകറ്റുന്നതിനായി ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്രയാണ് ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത്. ഗര്‍ഭിണിയാകാൻ പദ്ധതിയിടുന്നുവെങ്കില്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്നാണ് ലവ്നീത് ബത്ര പങ്കുവയ്ക്കുന്നത്.
ഒന്ന്…
അത്തിപ്പഴം: ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങളെ ലഘൂകരിക്കാൻ അത്തിപ്പഴം കഴിക്കാവുന്നതാണ്. പിസഒഎസ് ഉള്ള സ്ത്രീകളില്‍ വന്ധ്യതയ്ക്കുള്ള സാധ്യത കൂടുതലാണ് ഈ പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനും സഹായകമായ ഭക്ഷണമാണിത്.
രണ്ട്…
മാതളം : ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു പഴമാണ് മാതളം. ഇതിലടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകള്‍, വൈറ്റമിൻ-സി, വൈറ്റമിൻ-കെ, ഫോളേറ്റ്, സിങ്ക് എന്നിവയെല്ലാം സ്ത്രീകളിലെയും പുരുഷന്മാരിലെയും വന്ധ്യതയെ ചെറുക്കുന്നതിന് സഹായകമാണ്.
മൂന്ന്…
അണ്ടിപ്പരിപ്പ്: അണ്ടിപ്പരിപ്പില്‍ അടങ്ങിയിരിക്കുന്ന സിങ്ക് വന്ധ്യതയെ ചെറുക്കാൻ സഹായിക്കുന്നൊരു ഘടകമാണ്. അണ്ടിപ്പരിപ്പ് മാത്രമല്ല മറ്റ് പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍, കടല, ഓട്ട്മീല്‍, തൈര്, ഡാര്‍ക് ചോക്ലേറ്റ് എന്നിവയെല്ലാം ഇത്തരത്തില്‍ നല്ലതാണ്.
നാല്…
കറുവപ്പട്ട: ഭക്ഷണത്തില്‍ സ്പൈസിന് വേണ്ടി നാം ചേര്‍ക്കുന്നതാണ് കറുവപ്പട്ട. ഇതും വന്ധ്യതയെ ചെറുക്കാൻ കഴിവുള്ളൊരു ഘടകമാണ്. ആര്‍ത്തവപ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനും ഇത് സഹായകമാണ്.
അഞ്ച്…
പശുവിൻ പാല്‍ : പശുവിൻ പാല്‍ കഴിക്കുന്നതും വന്ധ്യതയെ ചെറുക്കാൻ സഹായിക്കും. പാലില്‍ അടങ്ങിയിരിക്കുന്ന സാച്വറേറ്റഡ് കൊഴുപ്പാണത്രേ ഇതിന് സഹായകമാകുന്നത്.