ഫ്ലോറിഡ: ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തര്‍ക്കം പരിഹരിക്കാനായി തോക്കുമായി എത്തിയ 11കാരന്‍റെ വെടിയേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. സെന്‍ട്രല്‍ ഫ്ലോറിഡയില്‍ തിങ്കഴാഴ്ച രാത്രിയാണ് 13 വയസ് പ്രായമുള്ള രണ്ട് പേര്‍ ഫുട്ബോള്‍ പരിശീലനത്തിനിടെ നടന്ന വെടിവയ്പില്‍ പരിക്കേറ്റത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത 11കാരനെ കൊലപാതക ശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തു.
11 വയസുകാരന് തോക്ക് ലഭിക്കാനുള്ള സാഹചര്യമുണ്ടാവരുതെന്നും വാക്കു തര്‍ക്കത്തിന് തോക്ക് കൊണ്ട് മറുപടി നല്‍കാം എന്ന തോന്നലുണ്ടാകുന്ന സാഹചര്യമുണ്ടാവരുത് എന്ന് വ്യക്തമാക്കിയാണ് 11 കാരനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പരിശീലനത്തിലെ തര്‍ക്കം പാര്‍ക്കിംഗ് മേഖലയിലേക്ക് നീണ്ടിട്ടും പരിഹാരമായിരുന്നില്ല. ഇതോടെയാണ് 11കാരന്‍ തോക്കുമായി ഗ്രൌണ്ടിലേക്ക് എത്തിയത്. അമ്മയുടെ കാറിലുണ്ടായിരുന്ന തോക്കാണ് 11കാരന്‍ സഹകളിക്കാര്‍ക്ക് നേരെ പ്രയോഗിച്ചത്. ഒരാളുടെ കയ്യിലും രണ്ടാമന്റെ ശരീരത്തിലുമാണ് വെടിയേറ്റത്. ഇവരെ രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരുടേയും പരുക്ക് സാരമുള്ളതല്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. കാറില്‍ വച്ചിരുന്ന തോക്ക് പൂട്ടിയ നിലയില്‍ ആയിരുന്നില്ല. ഇതാണ് കുട്ടിക്ക് എളുപ്പം എടുക്കാന്‍ സാധിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. സമാനമായ മറ്റൊരു സംഭവത്തില്‍ ബാങ്കോക്കിലെ നഗരത്തിലെ ഏറ്റവും പ്രശസ്തമായ സിയാം പാരഗൺ മാളിലുണ്ടായ വെടിവയ്പില്‍ രണ്ട് പേരെ കൊലപ്പെടുത്തിയതിന് 14 കാരന്‍ പിടിയിലായി. ചൈന, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് തായ്‌ലൻഡ് പൊലീസ് വിശദമാക്കുന്നത്. വെടി വയ്പിന് പിന്നാലെ പരസ്പര ബന്ധമില്ലാതെ സംസാരിച്ചുകൊണ്ട് പൊലീസിന് മുന്നില്‍ കീഴടങ്ങുന്ന 14കാരന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് വെടിവയ്പുണ്ടായത്. പെട്ടന്നുണ്ടായ വെടിവയ്പിന്റെ കാരണമെന്താണെന്ന് ഇനയും വ്യക്തമായിട്ടില്ല. ആറ് പേര്‍ക്കാണ് വെടിവയ്പില്‍ പരിക്കേറ്റിട്ടുള്ളത്. ഇതില്‍ അഞ്ച് പേരുടെ സ്ഥിതി ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ബേസ്ബോള്‍ തൊപ്പിയും കാക്കി കാർഗോ പാന്‍റ്സും അണിഞ്ഞെത്തിയ 14കാരന്‍ പെട്ടന്ന് ചുറ്റുമുണ്ടായിരുന്നവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. വിദേശ സഞ്ചാരികളും സ്വദേശികളും ഒരു പോലെയെത്തുന്ന തിരക്കുള്ള നഗരമായ ബാങ്കോക്കിലുണ്ടായ വെടിവയ്പിനെ പ്രധാനമന്ത്രി ശ്രട്ട താവിസിന്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നാണ് പ്രതികരണം വിശദമാക്കുന്നത്.