ദില്ലി: ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ വനിതാ ക്യാബിൻ ക്രൂവിന്റെ യൂണിഫോം പുതുക്കുന്നു. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി, സാരിയാണ് വനിതാ ക്യാബിൻ ക്രൂവിന്റെ യൂണിഫോം. സാരി മാറ്റി ചുരിദാറുകൾ പോലുള്ള മറ്റ് പരമ്പരാഗത ഓപ്ഷനുകൾ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ബോളിവുഡ് ഡിസൈനർ മനീഷ് മൽഹോത്രയെയാണ് പുതിയ യൂണിഫോം നിർമ്മിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. അതേസമയം സാരികൾ പൂർണ്ണമായും ഒഴിവാക്കില്ലെന്നും റിപ്പോർട്ടുണ്ട്. ലിസ്റ്റിൽ റെഡി-ടു-വെയർ സാരികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം ആയിട്ടില്ല.
കഴിഞ്ഞ മാസം, ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയർ ഇന്ത്യ റീബ്രാൻഡിംഗിലാണ്. ഇതിന്റെ ഭാഗമായി പുതിയ ലോഗോ എയർ ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ എയർലൈനിന്റെ നിറവും മാറ്റിയിട്ടുണ്ട്. ചുവപ്പ്, വെള്ള, പർപ്പിൾ എന്നിങ്ങനെയാണ് പുതിയ നിറം. ഡിസംബർ മുതലാവും പുതിയ ലുക്കിൽ വിമാനങ്ങൾ സർവീസ് ആരംഭിക്കുക. ദ വിസ്ത എന്ന് പേരിട്ട ലോഗോ അനന്ത സാധ്യതകളെയാണ് സൂചിപ്പിക്കുന്നതെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ വ്യക്തമാക്കിയുന്നു.
ലോകത്തെ ഏറ്റവും വലിയ വിമാന കരാറിലേക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ എയർ ഇന്ത്യ കടന്നിരുന്നു. 470 വിമാനങ്ങൾക്കാണ് എയർ ഇന്ത്യ ഓർഡർ നൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷം എയർ ഇന്ത്യയുടെ മൊത്തം കടം 15,317 കോടി രൂപയായിരുന്നു, ഇത് 2021 ലെ ബാധ്യതയേക്കാൾ കുറവാണ്. 2021 ൽ 45,037 കോടി രൂപയായിരുന്നു കടം. കഴിഞ്ഞ വർഷം ജനുവരിയിലാണ് 18000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തത്. ഇതിനായി ടാറ്റ 2,700 കോടി രൂപ പണമായി നൽകി, 15,300 കോടി രൂപ കടമാണ്.