ഭക്ഷണവും വെള്ളവുമില്ലാതെ ഫ്ലോറിഡയുടെ തീരത്തായി വന്ന ബോട്ടില്‍ നിന്ന് 100ഓളം പേരെ രക്ഷപ്പെടുത്തിയതായി യുഎസ് കോസ്റ്റ്ഗാര്‍ഡ്. ഹെയ്തിയില്‍ നിന്നുള്ളവരാണ് ബോട്ടിലുള്ളവരില്‍ ഏറിയ പങ്കുമെന്നാണ് യു എസ് കോസ്റ്റ്ഗാര്‍ഡ് വിശദമാക്കുന്നത്. ഉഗാണ്ട, ബഹാമാസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ബോട്ടിലുണ്ടായിരുന്നു. ഫ്ലോറിഡയിലെ ബോക്കാ റേടണ്‍ തീരത്ത് നിന്ന് 20 മൈല്‍ അകലെയായാണ് കോസ്റ്റ് ഗാര്‍ഡ് ബോട്ട് കണ്ടെത്തിയത്. ഇവരെ പൊലീസിന് കൈമാറിയതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയോളമായി കടലില്‍ കഴിയുകയാണെന്നും രണ്ട് ദിവസം മുന്‍പാണ് ബോട്ടിലെ ഭക്ഷണവും വെള്ളവും തീര്‍ന്നതെന്നാണ് ബോട്ടിലുണ്ടായിരുന്നവര്‍ പറയുന്നത്. 35 സ്ത്രീകളും 10 കുട്ടികളും അടക്കമുള്ളവരെയാണ് കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തുമ്പോള്‍ ആര്‍ക്കും മുറിവേറ്റിട്ടില്ലെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. കടത്തിക്കൊണ്ട് വരുന്നവര്‍ക്ക് നിങ്ങള്‍ ജീവനോടെ ഉണ്ടോ ഇല്ലയോ എന്നതിനേക്കുറിച്ച് താല്‍പര്യമുണ്ടാവില്ലെന്നാണ് കോസ്റ്റ് ഗാര്‍ഡ് തലവന്‍ സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്.
കയറ്റാന്‍ അനുമതിയുള്ളതിലും അധികം പേരെ കുത്തി നിറച്ചാണ് ബോട്ട് എത്തിയത്. പതിവ് നിരീക്ഷണ പറക്കല്‍ നടത്തുന്ന കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടറിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതാണ് ഇവര്‍ക്ക് രക്ഷയായത്. ഈ വര്‍ഷം ഇതുവരെയായി ഹെയ്തിയില്‍ നിന്നുള്ള 7137 കുടിയേറ്റക്കാരെയാണ് കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചത്. മുന്‍വര്‍ഷം 1527 പേരാണ് ഇത്തരത്തില്‍ അമേരിക്കയിലേക്ക് കയറിപ്പറ്റാന്‍ ശ്രമിച്ചത്.
യുഎസ് കസ്റ്റംസും ബോര്‍ഡര്‍ പ്രൊട്ടക്ഷനും ഇതിനോടകം ഹെയ്തിയില്‍ നിന്നുള്ള 51429 അനധികൃത കുടിയേറ്റക്കാരെയാണ് പിടികൂടിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഹെയ്തിയില്‍ നിന്നുള്ള അനധികൃത കുടിയേറ്റം വര്‍ധിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അക്രമവും രോഗങ്ങളും നിമിത്തം രാജ്യത്തെ ജീവിതം ദുസഹമായതോടെയാണ് ആയിരക്കണക്കിന് ഹെയ്തിക്കാര്‍ ഏത് വിധേനയും അമേരിക്കയിലേക്ക് കുടിയേറാന്‍ ലക്ഷ്യമിടുന്നത്. ഗാങ് തിരിഞ്ഞുള്ള അക്രമത്തില്‍ ജൂലൈ മാസത്തില്‍ മാത്രം 200 ഹെയ്തിക്കാരാണ് കൊല്ലപ്പട്ടത്. ഇതിന് പിന്നാലെയാണ് ഹെയ്തിയില്‍ കോളറയും പൊട്ടിപ്പുറപ്പെട്ടത്.