ഡൽഹി: ഇന്ത്യക്ക് വിശ്വഗുരു ആകണമെങ്കിൽ ജനം ഐക്യത്തോടെ ജീവിക്കുന്ന സാഹചര്യം ഉണ്ടാകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജനങ്ങൾക്ക് നല്ല വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉറപ്പാക്കണമെന്നും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കണമെന്നും കെജ്രിവാൾ പറഞ്ഞു.ഡൽഹി സർക്കാറിന്‍റെ സ്വാതന്ത്ര്യദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അരവിന്ദ് കെജ്രിവാൾ. മണിപ്പൂർ കത്തുകയാണ്. മണിപ്പൂരിൽ രണ്ട് വിഭാഗങ്ങൾ പരസ്പരം കൊല്ലുന്നു. ഹരിയാനയിലും ഇത് നടക്കുന്നു. നമ്മൾ നമ്മളോടുതന്നെ കലഹിക്കുമ്പോൾ എങ്ങനെയാണ് വിശ്വഗുരു ആകുന്നതെന്ന് കെജ്രിവാൾ ചോദിച്ചു.പ്രസംഗങ്ങളിലൂടെ മാത്രം ഇന്ത്യക്ക് വിശ്വഗുരു ആകാൻ കഴിയില്ലെന്നും എല്ലാ പാവപ്പെട്ട മനുഷ്യർക്കും അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ സമ്പന്നരാകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ 150 വിദ്യാർഥികൾക്ക് ഡൽഹിയിലെ സ്കൂളുകളിൽ പ്രവേശനം നൽകുമെന്നും കെജ്രിവാൾ വ്യക്തമാക്കി.
ഡൽഹിയിലെ അഡ്മിനിസ്ട്രേഷൻ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച നിയമം ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.