ന്യൂഡല്‍ഹി : 75 വര്‍ഷത്തിനിടെ ആദ്യമായി റിപ്പബ്ലിക് ദിന പരേഡ് വൈകി ആരംഭിക്കും. എല്ലാ വര്‍ഷവും രാവിലെ 10 മണിക്കാണ് പരേഡ് ആരംഭിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം 10.30 നാണ് ആരംഭിക്കുകയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എ.എന്‍.ഐയോട് പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാണ് പരേഡ് വൈകാന്‍ കാരണം. പരേഡിന് മുമ്പ് ജമ്മു കശ്മീരില്‍ ജീവന്‍ നഷ്ടപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ചടങ്ങ് കഴിഞ്ഞ വര്‍ഷത്തെ പോലെ 90 മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരിക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഗേറ്റിന് സമീപമുള്ള ദേശീയ യുദ്ധസ്മാരകം സന്ദര്‍ശിക്കും. പിന്നീട് സംഘങ്ങള്‍ മാര്‍ച്ച് പാസ്റ്റ് നടത്തും. സാംസ്‌കാരിക വൈവിധ്യം, സാമൂഹിക, സാമ്പത്തിക പുരോഗതി എന്നിവയെ പ്രതിനിധീകരിക്കുന്ന നിശ്ചലദൃശ്യങ്ങള്‍ പരേഡില്‍ പ്രദര്‍ശിപ്പിക്കും.” അദ്ദേഹം വ്യക്തമാക്കി.
നിശ്ചലദൃശ്യങ്ങള്‍ ചെങ്കോട്ട വരെ പോകുമെന്നും എന്നാല്‍ മാര്‍ച്ചിംഗ് നാഷണല്‍ സ്റ്റേഡിയത്തില്‍ നിര്‍ത്തുമെന്നും ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ക്ക് ആരെയും കാണാന്‍ അനുവാദമില്ല. കലാകാരന്മാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.