ഭോപ്പാൽ: മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ ആവശ്യപ്പെട്ട് പതിനൊന്നുകാരനെ മർദ്ദിച്ചതായി പരാതി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. ഇവർ ഇരയെ വസ്ത്രം അഴിക്കാനും മതപരമായ മുദ്രാവാക്യം വിളിക്കാനും നിർബന്ധിക്കുന്നത് വീഡിയോയിൽ പകർത്തുകയും ചെയ്തു. തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തി പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇൻഡോറിലെ ലസുദിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നിപാനിയ മേഖലയിലാണ് സംഭവം. സ്റ്റാർ സ്‌ക്വയറിനു സമീപം കളിക്കുകയായിരുന്ന തന്നോട് ബൈപ്പാസിലെ ബെസ്റ്റ് പ്രൈസിന് സമീപം കളിപ്പാട്ടങ്ങൾ വിതരണം ചെയ്യുന്നുവെന്ന് പ്രതികൾ പറഞ്ഞതായാണ് ഇരയുടെ മൊഴി. കളിപ്പാട്ടം നൽകാമെന്ന് പറഞ്ഞ് പ്രതികൾ ഇരയെ അടുത്തുള്ള മഹാലക്ഷ്മി നഗറിലെത്തിക്കുകയും മതപരമായ മുദ്രാവാക്യ വിളിക്കാൻ നിർബന്ധിക്കുകയുമായിരുന്നു. ഇതിന് വിസമ്മതിച്ചതോടെ വസ്ത്രങ്ങൾ അഴിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തു. അവിടെനിന്ന് രക്ഷപ്പെട്ട കുട്ടി വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ ജനങ്ങൾ രോഷാകുലരാണെന്നാണ് റിപ്പോർട്ട്. ഇരയാക്കപ്പെട്ട കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പലരും രംഗത്തെത്തിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്ന് പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്.