റിയാദ്: സൗദി അറേബ്യയില്‍ ലൈസന്‍സില്ലാതെ ഹിജാമ ചികിത്സ നടത്തിയ വിദേശ വനിതയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്‍തു. മക്കയില്‍ ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ലൈസന്‍സ് നേടാതെയാണ് ഇവര്‍ ചികിത്സ നടത്തിയിരുന്നത്.
അനധികൃത ചികിത്സ നടത്തിയിരുന്ന ദമ്പതികളെക്കുറിച്ച് മക്ക ആരോഗ്യ വകുപ്പിന് പരാതികള്‍ ലഭിച്ചിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ നടപടികളും അണുബാധ പ്രതിരോധിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഇവര്‍ പാലിച്ചിരുന്നില്ലെന്ന് മക്ക ആരോഗ്യ വകുപ്പ് വക്താവ് ഹമദ് അല്‍ ഉതൈബി പറഞ്ഞു. പരാതികളിന്മേല്‍ അന്വേഷണം നടത്തിയ അധികൃതര്‍, പൊലീസുമായി ചേര്‍ന്ന് പരിശോധന നടത്തിയാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. തുടര്‍ നടപടികള്‍ക്കായി ഇരുവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയെ ബാധിക്കുന്ന ആരോഗ്യ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ 937 എന്ന നമ്പറില്‍ ബന്ധപ്പെട്ട് അധികൃതരെ അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.