തിരുവനന്തപുരം: അന്യസംസ്ഥാന ലോബികൾ ചില മാധ്യമപ്രവർത്തകരെ വാടകക്കെടുത്ത് സംസ്ഥാനത്തെ ടൂറിസം മേഖലയെ തകർക്കാനുള്ള കുപ്രചരണം നടത്തുന്നുവെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വിനോദസഞ്ചാര മേഖലയെ വരവേൽക്കാൻ ഒരുങ്ങി തലസ്ഥാനത്തെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശം ബീച്ചിൽ നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തൃശൂർ ചാവക്കാട് സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് കാലാവസ്ഥയെ തുടർന്ന് ഇളക്കി മാറ്റുന്നതിന് ഇടയിൽ ചിത്രം പകർത്തി ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നിരിക്കുന്നു എന്ന് ഒരു പ്രമുഖ മാധ്യമത്തിൽ ടൂറിസം മന്ത്രിയുടെ കാർട്ടൂൺ വെച്ച് വാർത്ത വന്നിരുന്നു. തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതിൽ പ്രശ്നമില്ല. പക്ഷേ ഒരു സംസ്ഥാനത്തിൻ്റെ സാധ്യത അതോടെ അടയുകയാണെന്ന് മന്ത്രി പറഞ്ഞു.
ചാവക്കാട് ഇനി ഫ്ലോട്ടിങ് ബ്രിഡ്ജ് ഇല്ല എന്ന് തെറ്റായ വാർത്ത നൽകിയവർ അവിടെ പോയി നോക്കണം. അവിടെ എത്ര ഭംഗിയായി ആണ് ഫ്ലോട്ടിങ് ബ്രിഡ്ജ് ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നാളെ ഇത്തരം ലോബിയുടെ പ്രവർത്തനം വർക്കലയിലും ഉണ്ടാകാമെന്നും മന്ത്രി പറഞ്ഞു.