തിരുവനന്തപുരം : ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയ്ക്ക് നിലവില്‍ അഭയാര്‍ത്ഥി പ്രതിസന്ധിയില്ല. ശ്രീലങ്കയുമായി നല്ല ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. നിലവിലെ പ്രതിസന്ധിയിൽ നിന്ന് പുറത്തുവരാൻ അവർ ശ്രമിക്കുകയാണ്. എല്ലാകാലവും ഇന്ത്യ ശ്രീലങ്കയെ സഹായിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ വന്‍ ജനകീയപ്രക്ഷോഭമാണ് നടക്കുന്നത്. 24 മണിക്കൂർ കഴിഞ്ഞിട്ടും പിരിഞ്ഞുപോകാൻ തയ്യാറാവാതെ രണ്ടര ലക്ഷത്തോളം പ്രക്ഷോഭകർ കൊളംബോയിൽ തുടരുകയാണ്. രാജിക്ക് പ്രസിഡന്‍റ് മഹിന്ദ രജപക്സെ തയ്യാറായ സാഹചര്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാതെ പിരിഞ്ഞ് പോകണമെന്ന് സമരക്കാരോട് സംയുക്ത സൈനിക മേധാവി ജനറല്‍ ഷാവേന്ദ്ര ഡിസിൽവ ആവശ്യപ്പെട്ടു. ഗോത്തബയ രജപക്‌സെയുടെ വസതിയിൽ നിന്ന് പ്രക്ഷോഭകർ ലക്ഷക്കണക്കിന് രൂപയുടെ കറൻസി ശേഖരം കണ്ടെത്തിയിട്ടുണ്ട്. ഇത് സമരക്കാർ പൊലീസിന് കൈമാറിയതായി ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ പ്രക്ഷോഭകർക്ക് നേരെ സൈന്യവും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ വെടിവെപ്പിന്‍റെയും മര്‍ദ്ദനത്തിന്‍റെയും കൂടുതൽ ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നു.
അതേസമയം ശ്രീലങ്കയിൽ താത്കാലിക പ്രസിഡന്‍റായി ഇപ്പോഴത്തെ സ്പീക്കർ മഹിന്ദ അബേയ വർധനെ അധികാരമേൽക്കും. സർവ്വകക്ഷി യോഗത്തിന്‍റെ തീരുമാനം അനുസരിച്ച് പ്രധാനമന്ത്രിയും പ്രസിഡന്‍റും രാജിക്ക് തയ്യാറായതോടെ വെള്ളിയാഴ്‌ച്ചയോ ശനിയാഴ്ച്ചയോ പാർലമെന്‍റ് ചേർന്നേക്കും. മഹിന്ദ അബേയ വർധനെ ഒരു മാസത്തേക്ക് താത്കാലിക പ്രസിഡന്‍റായാണ് അധികാരമേൽക്കുന്നത്. ഒരു മാസത്തിന് ശേഷം എല്ലാ പാർട്ടികൾക്കും പ്രാതിനിധ്യമുള്ള സർക്കാരിനെയും പുതിയ പ്രസിഡന്‍റിനെയും തെരഞ്ഞെടുക്കും എന്നാണ് ഇപ്പോഴത്തെ ധാരണ.