മക്ക: മക്ക, മദീന നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശികള്‍ക്കും നിക്ഷേപാവസരമൊരുക്കുന്നു. ആദ്യമായാണ് ഈ മേഖലയില്‍ വിദേശികള്‍ക്ക് നിക്ഷേപത്തിന് അവസരം നല്‍കുന്നത്. മക്ക, മദീന നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശ നിക്ഷേപത്തിന് നിലവില്‍ നിയന്ത്രണം ഉണ്ട്. ഇത് നീക്കി, പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് വിദേശികള്‍ക്കും പുണ്യ നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്താനുള്ള നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും.
സൗദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി ഡയറക്ടര്‍ മുഹമ്മദ് അല്‍കുവൈസ് ആണ് ഇക്കാര്യം അറിയിച്ചത്. മക്ക മദീന നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമുള്ള നിശ്ചിത കമ്പനികളില്‍ വിദേശികള്‍ക്കും ഭാഗമാകാമെന്നും ആദ്യമായാണ് ഇങ്ങിനെ അവസരം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നഗരങ്ങളിലുള്ള റിയല്‍ എസ്റ്റേറ്റ് ഫണ്ടില്‍ സൗദികള്‍ അല്ലാത്തവരില്‍ നിന്നു സംഭാവന സ്വീകരിക്കാന്‍ നേരത്തെ ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അനുമതി നല്കിയിരുന്നു.