കൊച്ചി: ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട ഫോറൻസിക് സാമ്പിളുകളുടെ പരിശോധന റിപ്പോർട്ടുകൾ വേഗത്തിലാക്കാൻ സംസ്ഥാനത്ത് കൂടുതൽ ഫോറൻസിക് ലാബുകൾ തുറക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈകോടതി. സാമ്പിളുകൾ നൽകിയാൽ മൂന്നാഴ്ചക്കകം ലഭ്യമാകുംവിധം മതിയായ സൗകര്യങ്ങളോടെ വേണം ലാബുകൾ തുടങ്ങാനെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ നിരീക്ഷിച്ചു. വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കൊല്ലം പെരുമ്പുഴ സ്വദേശി അനീഷ്കുട്ടിയുടെ ജാമ്യഹരജി പരിഗണിക്കവേയാണ് ഫോറൻസിക് പരിശോധനഫലം ലഭിക്കാത്തതിനാൽ പ്രതിയുടെ വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടി കോടതിയുടെ നിരീക്ഷണമുണ്ടായത്.
2019 ഡിസംബർ 11നായിരുന്നു കൊലപാതകം. കേസിൽ വിചാരണ വേഗം പൂർത്തിയാക്കാൻ ഹൈകോടതി നിർദേശിച്ചിരുന്നെങ്കിലും ഫോറൻസിക് പരിശോധനഫലം കിട്ടാത്തതിനാൽ വിചാരണ തുടങ്ങാനായില്ലെന്ന് വിചാരണ കോടതി മറുപടി നൽകി. ഇതേതുടർന്ന് തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബ് ഡയറക്ടറെ കോടതി ഹരജിയിൽ കക്ഷി ചേർത്തു. ഏപ്രിൽ 30നകം റിപ്പോർട്ട് നൽകാമെന്ന് ഡയറക്ടർ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചാൽ ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കാമെന്ന് വിചാരണ കോടതിയും വ്യക്തമാക്കി. ഫോറൻസിക് ലാബുകളിൽ സാമ്പിളുകൾ കെട്ടിക്കിടക്കുന്നത് ആശങ്കയുണ്ടാക്കുന്നതായും കേരളംപോലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടിയ സംസ്ഥാനത്ത് വേണ്ടത്ര ലാബുകളും കഴിവുള്ള സയന്റിഫിക് ഓഫിസർമാരും മികച്ച ഉപകരണങ്ങളും അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളാണ് പ്രോസിക്യൂഷൻ കേസുകളുടെ ബലം എന്നതിനാൽ മൂന്നാഴ്ചക്കകമെങ്കിലും പരിശോധന ഫലം ലഭ്യമാക്കാൻ കഴിയണമെന്നും കോടതി ചൂണ്ടിക്കാട്ടി.
അനീഷ്കുട്ടിക്ക് ഗുരുതര മാനസിക, ശാരീരിക ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വിലയിരുത്തിയ കോടതി ജാമ്യം അനുവദിച്ചു. ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. കൊല്ലം ജില്ലയിൽ പ്രവേശിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികൾ.