ന്യൂഡൽഹി: മാർച്ച് 29ന് അവതരിപ്പിച്ച വനസംരക്ഷണ (ഭേദഗതി) ബിൽ മാറ്റങ്ങളൊന്നുമില്ലാതെ ജൂലൈ 26 ന് ലോക്‌സഭ പാസാക്കി. വനസംരക്ഷണ നിയമത്തിൽ (1980) കൂടുതൽ ഇളവുകൾ നൽകുന്നതിന്റെ പേരിൽ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച വനസംരക്ഷണ ഭേദഗതി ബില്ലാണ് കാര്യമായ ചർച്ചയോ മാറ്റമോ ഇല്ലാതെ പാസാക്കിയത്.രാജ്യത്തിന്റെ 100 കിലോമീറ്റർ ചുറ്റളവിലുള്ള ഭൂമി സംരക്ഷണ നിയമങ്ങളുടെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനും വനമേഖലയിൽ മൃഗശാലകൾ, സഫാരികൾ, ഇക്കോ ടൂറിസം സൗകര്യങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനും അനുമതി നൽകുന്നതാണ് ലോക്‌സഭ പാസാക്കിയ ഈ ബിൽ.മണിപ്പൂർ അക്രമത്തിൽ പ്രധാനമന്ത്രി മോദി സഭയിൽ നടത്തിയ പ്രസ്താവനയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്കിടയിലാണ് ബിൽ പാസാക്കിയത്. ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചുള്ള അന്താരാഷ്ട്ര പ്രതിബദ്ധതകളും ദേശീയമായി നിർണ്ണയിക്കപ്പെട്ട സംഭാവനകളും ഉദ്ധരിച്ചു.
നിർദിഷ്ട നിയമനിർമ്മാണം അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 400 ഓളം പരിസ്ഥിതി ശാസ്ത്രജ്ഞരും, പ്രകൃതിശാസ്ത്രജ്ഞരും യാദവിനും പാർലമെന്റ് അംഗങ്ങൾക്കും ജൂലൈ 18 ന് കത്തെഴുതി ദിവസങ്ങൾക്ക് ശേഷമാണ് ബിൽ പാസാക്കിയത്. 1980 ലെ നിയമത്തിന്റെ പേരിലും സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്. രാജ്യസഭ കൂടി പാസാക്കിയാൽ ഈ ബിൽ നിയമമായി മാറും.