കോഴിക്കോട്: കുന്ദമംഗലം കൊടക്കല്ലിങ്ങല്‍ മേഖലയില്‍ പുലി സാന്നിധ്യമില്ലെന്ന് വനംവകുപ്പ്. മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവിലാണ് കുന്ദമംഗലം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പ്പെട്ട കൊടക്കല്ലിങ്ങല്‍ പ്രദേശത്തുകാരുടെ ശ്വാസം നേരെ വീണത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രദേശത്തെ രണ്ട് സ്ത്രീകള്‍ പുലിയെ കണ്ടതായി പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ പരിസര പ്രദേശത്തെല്ലാം തിരച്ചില്‍ നടത്തിയിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും വിശദപരിശോധന നടത്തി. പുലിയെ കണ്ടതായി പറഞ്ഞ സ്ത്രീകളെ വനംവകുപ്പിലെ റാപ്പിഡ് റെസ്പോണ്‍സ് ടീം ഉദ്യോഗസ്ഥര്‍ നേരിട്ടു കണ്ടു. ഇവരോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ പുലിയോട് സാമ്യമുള്ള വിവിധ മൃഗങ്ങളുടെ ഫോട്ടോ ഉള്‍പ്പെടെ ഇവരെ കാണിച്ചു. പുലിയെ കണ്ടതായി പറഞ്ഞ സ്ഥലത്തോ സമീപങ്ങളിലോ കാല്‍പാദം പതിഞ്ഞിട്ടുണ്ടോ എന്നും സംഘം പരിശോധന നടത്തിയിരുന്നു.
സ്ത്രീകള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ കണ്ടത് കാടമ്പൂച്ച ഇനത്തില്‍പ്പെട്ട മൃഗം ആണെന്ന നിഗമനത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിച്ചേരുകയായിരുന്നു. പുലി ഇറങ്ങിയെന്ന വാര്‍ത്ത അനുദിനം വരുന്നതിനാല്‍ ജനങ്ങള്‍ ഇത്തരത്തിലുള്ള ജീവികളെ കാണുമ്പോള്‍ പെട്ടെന്ന് പുലിയാണെന്ന തരത്തില്‍ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍കുന്നുമ്മല്‍, വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ എന്നിവരും സംഭവസ്ഥലം സന്ദര്‍ശിച്ചു.