പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടില്‍ ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടിക്കാന്‍ വനം വകുപ്പ് പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു. കൂട് വച്ച് ഒരു മാസം കഴിഞ്ഞിട്ടും കടുവയെ പിടികൂടാന്‍ കഴിയാതെ വന്നതോടെയാണ് പുതിയ തീരുമാനം. ഒരു മാസത്തിലേറെയായി കടുവ ഭീതിയിലാണ് പെരുനാട്ടിലെ കോളാമലയും കോട്ടക്കുഴിയും. ഏപ്രില്‍ രണ്ടിന് കുളത്ത്നീരവില്‍ പശുവിനെ കടുവ ആക്രമിച്ച് കൊന്നതോടെയാണ് ജനവാസ മേഖലയിലെ കടുവയുടെ സാന്നിധ്യം നാട്ടുകാര്‍ അറിഞ്ഞത്.
വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിലും കടുവയുടെ ചിത്രങ്ങള്‍ പതിഞ്ഞു. ഇതിന് പിന്നാലെ ഏപ്രില്‍ എട്ടിന് കൂട് സ്ഥാപിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് ദിവസങ്ങളോളം പരിശോധന നടത്തി. പേടി കാരണം വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന നാട്ടുകാരുടെ പരാതി ഉയര്‍ന്നതോടെയാണ് പ്രത്യേക ദൗത്യ സംഘത്തെ വനം വകുപ്പ് നിയോഗിച്ചത്. 24 അംഗങ്ങളുള്ള വനപാലകരുടെ സംഘം മൂന്ന് ഷിഫ്റ്റുകളിലായി രാത്രിയും പകലും കടുവയെ കണ്ട പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തും. ഇതിനായി ബഥനിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും തുറന്നു.