പാലക്കാട്: പാലക്കാട്ടെ കൊമ്പൻ ഏഴാമനെ പിടിക്കുന്നതിൻ്റെ ഭാഗമായുള്ള വയനാട്ടിൽ നിന്നെത്തിയ ദൗത്യസംഘത്തിൻ്റെ തയ്യാറെടുപ്പുകൾ തുടങ്ങി. പിടി സെവൻറെ സഞ്ചാരപാത ആവർത്തിച്ച് നിരീക്ഷിച്ചാകും തുടർ പദ്ധതികൾ ആവിഷ്കരിക്കുക. കൂടുണ്ടാക്കുനുള്ള ഒരുക്കങ്ങളും ഇന്ന് തുടങ്ങും. കൊമ്പൻ ഏഴാമനെ പിടിക്കാൻ ഒരുക്കം
ധോണിയിലും പരിസരത്തും ഇടവേളകളില്ലാതെ വിലസുകയും ജനങ്ങളെ വിരട്ടുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന പിടി സെവൻ കൊമ്പന് അധികം വൈകാതെ പിടിവീഴും എന്നുറപ്പായി കഴിഞ്ഞു. വയനാട്ടിൽ നിന്നുമെത്തിയ ദൗത്യസംഘം ആനയുടെ പോക്കുവരവ് കൃത്യമായി നിരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. ഏഴാം കൊമ്പനെ വരച്ച വരയിൽ നിർത്താനായി വയനാട്ടിൽ നിന്നുമെത്തിച്ച കുങ്കിയാനകൾ വിക്രമും ഭരതും യാത്രക്ഷീണം മാറി ഉഷാറായിട്ടുണ്ട്. ദൗത്യം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്.
ധോണിയെ അടിക്ക വാഴുന്ന പിടി സെവനെ കൂടാതെ വേറെ ചില ആനകൾ കൂടി ഇടയ്ക്ക് കാടിറങ്ങുന്ന പതിവുണ്ട്. പിടി സെവൻ കൂട്ടിലായാൽ പിന്നെ മറ്റുള്ളവരുടെ വിളയാട്ടം അടങ്ങും എന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് കരുതുന്നത്. കൊമ്പനെ പിടികൂടുന്നതിന് മുൻപ് നാട്ടുകാർക്ക് വേണ്ട നിർദേശങ്ങളും വൈകാതെ നൽകും. എസിഎഫ് ബി.രഞ്ജിത്തിനാണ് ദൗത്യത്തിൻ്റെ ഏകോപന ചുമതല.