അട്ടപ്പാടി: അട്ടപ്പാടിയിലും തൃശൂരും വനമേഖലയില്‍ അഗ്നിബാധ. അട്ടപ്പാടിയില്‍ വീട്ടി ഊരിന് സമീപത്താണ് തീ പടരുന്നത്. മല്ലീശ്വരം മുടിയുടെ ഒരു ഭാഗമാണ് കാട്ടുതീയില്‍ കത്തിക്കൊണ്ടിരിക്കുന്നത്. സൈലന്റ് വാലിയുടെ കരുതൽ മേഖലയിലാണ് കാട്ടുതീ പടര്‍ന്നിട്ടുള്ളത്. കരുവാര, ചിണ്ടിക്കി, കാറ്റാടിക്കുന്ന്, ചെമ്മണ്ണൂർ, തേൻവര മല, വെന്തവട്ടി എന്നിവിടങ്ങളിലായി കാട്ടുതീ പടരുന്നുണ്ട്. ജനവാസ മേഖലയിൽ തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.
തൃശൂർ ദേശമംഗലത്തിനടുത്ത് ചേനത്തുകാട് ഭാഗത്ത് വനത്തിൽ വൻ തീപിടുത്തമാണ് ഉണ്ടായിട്ടുള്ളത്. വെള്ളിയാഴ്ച ഉച്ചക്ക് 1.30മുതൽ പടർന്നുപിടിച്ച കാട്ടുതീ ഇനിയും നിയന്ത്രിക്കാനായിട്ടില്ല. ഇതിനോടകം 5 കിലോമീറ്ററിൽ അധികം വിസ്തൃതിയിൽ വനം പൂർണ്ണമായി കത്തി നശിച്ചിട്ടുണ്ട്. ജനവാസ മേഖലയുടെ അടുത്താണ് തീ പടര്‍ന്നിട്ടുള്ളത്. സ്ഥലത്തേക്ക് അഗ്നിരക്ഷ സേനക്ക് എത്താൻ കഴിയാത്ത വഴിയാണ്. ഇത് തീ അണക്കുന്നതില്‍ വെല്ലുവിളിയായിട്ടുണ്ട്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ജനവാസ മേഖലയിൽ തീ പടരാതിരിക്കാൻ ശ്രമിക്കുകയാണ്.
സംസ്ഥാനത്ത് ചൂട് കൂടുകയാണെന്നാണ് റിപ്പോര്‍ട്ട്. പല ജില്ലയിലും ജലക്ഷാമം നേരിടുമെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതില്‍ താഴുമെന്നാണ് സി ഡബ്ല്യു ആര്‍ ഡി എമ്മിലെ ശാസ്ത്രജ്ഞര്‍ നല്കിയിരിക്കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താല്‍ അന്തരീക്ഷ താപ നില കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. പാലക്കാട് ജില്ലയില്‍ രാത്രി കാലത്തെ താപനിലയില്‍ 2.9 ഡിഗ്രിയുടെ വര്‍ധന വരെ ഉണ്ടായി. കൊച്ചി, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ ഈ കാലയളവില്‍ പെയ്യേണ്ട മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ കാര്യമായി ബാധിക്കുമെന്നാണ് ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.