ദില്ലി : ബഫർസോൺ വിഷയത്തിൽ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. സംസ്ഥാനങ്ങൾക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിന്‍റെ ആവശ്യത്തെ കേന്ദ്രം സ്വാഗതം ചെയ്തെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു .കേന്ദ്രവും നടപടികൾ സ്വീകരിക്കും എന്നറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച വീണ്ടും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ ദില്ലിയിൽ എത്തി ചർച്ച നടത്തും, ശേഷം കോടതിയിൽ ഹർജി നൽകും. ഇപ്പൊൾ ശുഭ പ്രതീക്ഷ ആണ് ഉള്ളത് . ആഗസ്റ്റ് 12ന് കേന്ദ്ര പരിസ്ഥിതി മന്ത്രി കേരളത്തിൽ വരുന്നുണ്ടെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഒരു കിലോമീറ്റർ പരിധി ഉത്തരവ് മറികടക്കാൻ കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നാണ് കേരളം കേന്ദ്രത്തോട് പ്രധാനമായും ആവശ്യപ്പെട്ടത്.2020ൽ ജനവാസ മേഖലകളെ ഒഴിവാക്കി മാത്രം ബഫർ സോൺ എന്ന നിലപാട് കേരളം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതാണ് .
1988 ന് ശേഷം ഇതാദ്യം, വന സംരക്ഷണ നിയമ ഭേദഗതിക്ക് കേന്ദ്രം; ഒപ്പം വിവാദവും പ്രതിഷേധവും, കാരണമെന്ത്?
വന സംരക്ഷണ നിയമത്തില്‍ കേന്ദ്ര സർക്കാർ വരുത്തുന്ന പുതിയ ഭേദഗതികൾ വലിയ ചർച്ചയാവുകയാണ്. വനഭൂമിക്കുമേലുള്ള അനാവശ്യ നിയമക്കുരുക്കുകൾ ഒഴിവാക്കാനാണ് ഭേദഗതിയെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ വനഭൂമി കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള നീക്കണമാണിതെന്ന് പ്രതിപക്ഷ വിമർശിക്കുന്നു. എന്താണ് ഈ വിവാദത്തിന് കാരണം?
എന്തുകൊണ്ട് നിലവിലെ നിയമത്തില്‍ ഭേദഗതി ?
1980 ലെ വന സംരക്ഷണ നിയമത്തില്‍ കാതലായ ഭേദഗതി വരുത്തിക്കൊണ്ട് പുതിയ നിയമം കൊണ്ടുവരുന്നതിനായി 2021 ഒക്ടോബറിലാണ് കേന്ദ്രം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിന് മുന്‍പ് 1988 ല്‍ ഒരുതവണ മാത്രമാണ് നിയമം ഭേദഗതി ചെയ്തത്. പല നിയമങ്ങളും കാലത്തിനനുസരിച്ച് മാറ്റം വരുത്തേണ്ട സമയമായെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിലപാട്. കർശന വ്യവസ്ഥകൾ കാരണം പലയിടത്തും വികസന പ്രവർത്തനങ്ങൾ മുടങ്ങുന്നുവെന്നും ഈ സാഹചര്യത്തില്‍ മാറ്റം വരുത്താനാണ് ഭേദഗതിയെന്നുമാണ് കേന്ദ്രം പറയുന്നത്.
എന്തൊക്കെ മാറ്റങ്ങളാണ് പുതിയ ഭേദഗതിയിലൂടെ കേന്ദ്രം കൊണ്ടുവരുന്നത്
-1980ന് മുന്‍പേതന്നെ റെയില്‍വേ , റോഡ് മന്ത്രാലയങ്ങളുടെ ഉടമസ്ഥതയിലുള്ള വനഭൂമികൾ നിയമത്തിന്‍റെ പരിധിയില്‍നിന്നും ഒഴിവാകും, കാലങ്ങളായി മന്ത്രാലയങ്ങളുടെ ഉടമസ്ഥതയിലുള്ള എന്നാല്‍ ഇതിനോടകം വനമായി മാറിയ ഭൂമി വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിന് നിയമത്തിലെ കർശന വ്യവസ്ഥകൾ തടസമായിരുന്നു. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ഇത് മാറും.
– സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വനഭൂമിക്ക് ഇനി വീടുവയ്ക്കുന്നതിനടക്കം അനുമതി നല്‍കാനാകും.
– രാജ്യാതിർത്തികൾക്ക് സമീപമുള്ള പ്രതിരോധ സേനയുടെ പദ്ദതികൾക്കായി വനഭൂമി ഉപയോഗപ്പെടുത്താനാകും.
– പെട്രോൾ, ഗ്യാസ് തുടങ്ങിയ ഖനന പദ്ദതികൾക്ക് കർശന വ്യവസ്ഥകളോടെ വനഭൂമിയില്‍ അനുമതി നല്‍കാനാകും.
– വനേതര ആവശ്യങ്ങൾക്കായി വനഭൂമി ഉപയോഗപ്പെടുത്തുന്നതിന് നികുതി ചുമത്തുന്നതിലും, തോട്ടഭൂമിയിലെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി നല്‍കുന്നതിലും വ്യവസ്ഥകൾക്ക് മാറ്റം വരും.