കണ്ണൂർ: കണ്ണൂര്‍ ജില്ലയിലെ കുറുമാത്തൂരിൽ വൻ ചന്ദനവേട്ട. രഹസ്യവിവരത്തെ തുടർന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 390 കിലോയോളം ചന്ദനം പിടിച്ചെടുത്തത്. ചന്ദനം മുറിച്ചു കടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ വനം വകുപ്പിൻ്റെ പിടിയിലായി.
കുറുമാത്തൂർ പഞ്ചായത്തിലെ കൂനം റോഡിലെ പറമ്പിലെ ഷെഡിൽ സംഭരിച്ച 390 കിലോയോളം ചന്ദനമാണ് വനം വകുപ്പ് പിടികൂടിയത്. ചന്ദനത്തടികൾ ചെത്തി വിൽപ്പനക്ക് ഒരുക്കുകയായിരുന്ന മുവർ സംഘത്തിലെ രണ്ടു പേർ ഉദ്യോഗസ്ഥരെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. എന്നാൽ സംഘത്തിലുണ്ടായിരുന്ന കുറുമാത്തൂർ സ്വദേശി എം.മധുസൂദനനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ചെത്തി ഒരുക്കി വിൽപ്പനക്ക് തയ്യാറാക്കിയ 6.900 കിലോഗ്രാം ചന്ദന മുട്ടികളും, മുറിച്ചു വച്ച 110 കിലോഗ്രാം ചന്ദന മരത്തടികളും, 275 കിലോഗ്രാം ചന്ദനപ്പൂളുമുൾപ്പെടെ 390 കിലോഗ്രാം ചന്ദനമാണ് പിടികൂടിയത്.