പത്തനംതിട്ട കരിമ്പനാംകുഴിയിൽ കേസിൽ ഉൾപ്പെട്ട വാഹനം കസ്റ്റഡിയിലെടുക്കാൻ പോയ വനപാലകരെ വട്ടംചുറ്റിച്ച് പ്രതിയുടെ ബന്ധുക്കൾ. മ്ലാവ് വേട്ട കേസിൽ ഉൾപ്പെട്ട കാർ കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോഴാണ് താക്കോൽ നൽകാതെ പ്രധാന പ്രതിയുടെ മകൻ ഉദ്യോഗസ്ഥരെ വട്ടംകറക്കിയത്. ഒടുവിൽ ക്രെയിൻ ഉപയോഗിച്ച് വാഹനം പൊക്കിക്കൊണ്ടു പോകുമെന്നായപ്പോൾ താക്കോൽ കൈമാറുകയായിരുന്നു.
തണ്ണിത്തോട്ടിലെ മ്ലാവ് വേട്ട കേസിൽ ഉൾപ്പെട്ടതായി പറയപ്പെടുന്ന വാഹനം പിടികൂടാനാണ് വടശ്ശേരിക്കര റേഞ്ച് ഓഫീസറും സംഘവും കരിമ്പനാംകുഴിയിലെത്തിയത്. കേസിലെ പ്രധാനപ്രതിയായ മാത്യു കുട്ടിയുടെ മകൻ താമസിക്കുന്ന സ്ഥലത്താണ് കാറുണ്ടായിരുന്നത്. കേസന്വേഷണത്തിനായി വാഹനം കസ്റ്റഡിയിലെടുക്കുന്നു എന്ന് അറിയിച്ചതോടെ താക്കോലുമായി മകൻ വീടിനുള്ളിൽ കയറി വാതിലടച്ചു. ഇതോടെ വനപാലകർ പെട്ടു.
വീടിനു പുറത്ത് മണിക്കൂറുകൾ കാത്തുനിന്നിട്ടും വാതിൽ തുറന്നില്ല. പൊലീസ് എത്തിയെങ്കിലും വാഹനം നൽകാൻ മകൻ തയ്യാറായില്ല. ഒടുവിൽ ക്രെയിൻ ഉപയോഗിച്ച് കാർ എടുത്തുകൊണ്ടുപോകാൻ തീരുമാനിച്ചു. കയറുകെട്ടി വാഹനം പൊക്കിയതോടെ മകൻ താക്കോലുമായി എത്തി. പരിശോധനയ്ക്ക് ശേഷം കാറുമായി വനപാലകർ പോയി. അതേസമയം, ഇല്ലാത്ത തെളിവുകൾ ഉണ്ടാക്കി വനംവകുപ്പ് ദ്രോഹിക്കുകയാണെന്ന ആക്ഷേപവുമായി നാട്ടുകാരിൽ ചിലർ പ്രതിഷേധിച്ചു.
കേസിലെ പ്രതികളിൽ ഒരാളുടെ മൊഴിയനുസരിച്ച് മ്ലാവിനെ വേട്ടയാടാനുള്ള പടക്കം വാങ്ങാൻ സ്ഥിരമായി പോകുന്നത് വാഗൺആർ കാറിലാണ്. പ്രാഥമിക പരിശോധനിയിൽ കാറിൽ രഹസ്യ അറയുണ്ടെന്ന് വ്യക്തമായതായി വനപാലകർ പറയുന്നു. വിശദമായ അന്വേഷണത്തിന് വാഹനം കസ്റ്റഡിയിലെടുക്കണം. മ്ലാവ് വേട്ട കേസിൽ പ്രധാന പ്രതിയായ മാത്യു കുട്ടി പിടിയിലായ ഉടൻ അദ്ദേഹം ഉപയോഗിച്ചിരുന്ന കാർ മകൻ പത്തനംതിട്ടയിലെ താമസസ്ഥലത്തേക്ക് മാറ്റിയതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നത്. മ്ലാവ് വേട്ടയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ നാല് പേർ ഇതുവരെ പ്രതികളാണ്.