ബംഗലൂരു : ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു അറസ്റ്റിൽ. ആന്ധ്രയിലെ നന്ത്യാലിൽ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് ഒരു സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്വേയർ ഓഫ് ഇന്ത്യ എന്ന കമ്പനി സർക്കാരിൽ നിന്ന് കോടികൾ തട്ടിയെന്നാണ് കേസ്. 2014-ൽ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഈ കമ്പനിയുമായി ആന്ധ്ര സർക്കാർ കരാർ ഒപ്പിടുന്നത്. ഇതിൽ അഴിമതിയുണ്ടെന്നാണ് കണ്ടെത്തൽ. നായിഡുവിന്റെ മകൻ നാരാ ലോകേഷിനെയും ആന്ധ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈസ്റ്റ് ഗോദാവരി ജില്ലയിൽ പാർട്ടി പരിപാടികൾക്ക് എത്തിയതിന് ഇടയ്ക്കാണ് നാരാ ലോകേഷിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നായിഡുവിനെ അറസ്റ്റ് ചെയ്ത നന്ത്യാലിലേക്ക് പോകാൻ ശ്രമിക്കവേയാണ് നാരാ ലോകേഷിനെ കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം.