ദില്ലി: കോൺഗ്രസ് മുക്ത ഭാരതത്തിനായി അക്ഷീണം പ്രയത്നിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും എന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ, തീരെ പ്രതീക്ഷിക്കാതെ ഒരു മുൻ കോൺഗ്രസ് നേതാവ് മോദിയെ പ്രശംസിച്ച് രംഗത്തെത്തിയത് രാഷ്ട്രീയക്കാരെ അമ്പരപ്പിച്ചിരിക്കുകയാണ്. കോൺഗ്രസ് വിട്ട് പോയി ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി രൂപീകരിച്ച ഗുലാം നബി ആസാദ് ആണ് പ്രധാനമന്ത്രിയെ പ്രകീർത്തിച്ചിരിക്കുന്നത്. കോൺഗ്രസ് താൻ അർഹിക്കുന്ന വിധത്തിൽ പരിഗണന നൽകിയില്ല എന്ന് പരാതിപ്പെട്ടാണ് ഗുലാം നബി ആസാദ് പാർട്ടി വിട്ടത്. നരേന്ദ്രമോദി കോൺഗ്രസുകാരെക്കാൾ തന്നോട് പരിഗണന കാട്ടിയെന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്. പതിറ്റാണ്ടുകളോളം കോൺഗ്രസ് ഇന്ത്യയിൽ അധികാരത്തിൽ വരാൻ പോകുന്നില്ലെന്നും ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു.
“അദ്ദേഹത്തിന്റെ (മോദിയുടെ) അത്താഴ വിരുന്നിലൊന്നും ഞാൻ പങ്കെടുത്തിട്ടില്ല, അത് എന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ്. പക്ഷേ അദ്ദേഹം അതൊന്നും കാര്യമാക്കിയില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഏഴ് വർഷത്തിനിടെ ഞാൻ അവർക്കെതിരെ 70 വർഷത്തെ പ്രസംഗം നടത്തിയിട്ടുണ്ട്. പക്ഷേ അദ്ദേഹം അതൊക്കെ മറക്കുകയും ഒരു രാഷ്ട്രതന്ത്രജ്ഞനായി പെരുമാറുകയും ചെയ്തു. ജീവിതത്തിൽ മറ്റെല്ലാം മറന്ന് ഒരു രാഷ്ട്രതന്ത്രജ്ഞനെപ്പോലെ പെരുമാറേണ്ട സന്ദർഭങ്ങളുണ്ട്. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ഗുലാം നബി ആസാദ് പറഞ്ഞു. തന്റെ പാർട്ടി “ബിജെപിയുടെ ബി ടീം” ആണെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ” ജമ്മു കശ്മീരിൽ രണ്ട് വലിയ രാഷ്ട്രീയ പാർട്ടികളുണ്ട്. ഒന്ന് നാഷണൽ കോൺഫറൻസ്, മറ്റൊന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി. എനിക്ക് ആരുമായും സഖ്യമില്ല, എന്നാണ് ഗുലാം നബി ആസാദ് മറുപടി നൽകിയത്.
ഗുലാം നബി ആസാദിനെതിരെ രൂക്ഷവിമർശനമാണ് കോൺഗ്രസ് നടത്തിയിരുന്നത്. ഗുലാം നബി ആസാദിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും കോൺഗ്രസ് സംവിധാനവും അതിന്റെ നേതൃത്വവും കാര്യമായി തന്നെയാണ് പരിഗണിച്ചിരുന്നത്, എന്നാൽ അവർ അതിന് അർഹരായിരുന്നില്ല. ഓരോ ദിവസം കഴിയുന്തോറും അവർ ഈ ഔദാര്യം അർഹിക്കുന്നില്ല എന്നതിന് ശക്തമായ തെളിവുകൾ നൽകിയിരുന്നു. കോൺഗ്രസ് നേതാവ് ജയറാം രമേശ് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.