പലപ്പോഴും ആളുകൾ വ്യാജ മരണവാർത്തകൾ പ്രചരിപ്പിക്കാറുണ്ട്. എന്നാൽ, സർക്കാർ തന്നെ ഒരാളോട് നിങ്ങൾ മരിച്ചു എന്ന് പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ. ഇവിടെയും അതുപോലെ സംഭവിച്ചിരിക്കുകയാണ്. ഹംഗർഫോർഡിലെ ഒരു മുൻ കൗൺസിലറായിരുന്ന മാർക്ക് കുസാക്ക് എന്ന 48 -കാരനാണ് ഒരു സുപ്രഭാതത്തിൽ താൻ തന്നെ മരിച്ചുപോയ വാർത്ത കേൾക്കേണ്ടി വന്നത്.
ഡിപാർട്‍മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷനിൽ നിന്നുമാണ് മാർക്കിനെ തേടി ഒരു ഭീഷണിക്കത്ത് എത്തിയത്. ആ കത്തിൽ പറഞ്ഞിരിക്കുന്നത് മാർക്ക് മരിച്ചു എന്നും നാഷണൽ ഇൻഷുറൻസ് നമ്പർ ഇല്ലാത്തതിനാൽ കൗൺസിൽ നികുതി അടക്കാൻ യാതൊരു മാർഗവും ഇല്ല എന്നുമാണ്. തന്റെ നായ പഗിൾസിനൊപ്പമാണ് മാർക്ക് താമസിക്കുന്നത്. ഈ കത്ത് വായിച്ചതോടെ മാർക്ക് ആകെ പരിഭ്രമത്തിലായിപ്പോയി. മാത്രമല്ല, തന്റെ മുൻ തൊഴിലുടമയെ പോലും തന്റെ മരണത്തെ കുറിച്ച് അറിയിച്ചിരുന്നു എന്ന് മാർക്ക് പറയുന്നു. അവസാനം താൻ മരിച്ചിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്താനായി ഒരു ഡോക്ടറുടെ കുറിപ്പ് പോലും മാർക്കിന് സംഘടിപ്പിക്കേണ്ടി വന്നു.
കേൾക്കുമ്പോൾ തമാശ തോന്നുമെങ്കിലും ജീവിച്ചിരിക്കുന്ന ഒരാൾ മരിച്ചു എന്ന് സർക്കാർ സംവിധാനങ്ങൾ തന്നെ അവകാശപ്പെട്ടാൽ കാര്യങ്ങൾ കുറച്ച് ബുദ്ധിമുട്ടിലാകും എന്ന കാര്യത്തിൽ സംശയമില്ല. അത് തന്നെ ആയിരുന്നു മാർക്കിന്റെ അവസ്ഥയും. ഇനി ഒരാൾക്കും തന്റെ അവസ്ഥ വരരുത് എന്നാണ് മാർക്കിന്റെ ആഗ്രഹം. ഏതായാലും, ഈ പറയുന്ന ആൾ തന്റെ മുന്നിൽ ജീവനോടെ ഉണ്ട് എന്നും അയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ് എന്നും ഡോക്ടർ എഴുതി കൊടുത്തതിന് ശേഷം മാത്രമാണ് മാർക്കിന് താൻ ജീവനോടെ ഉണ്ട് എന്ന് തെളിയിക്കാൻ സാധിച്ചത്.