വടക്കഞ്ചേരി : അഞ്ചു വര്‍ഷം മുന്‍പ് അക്രമി സംഘത്തിന്റെ വെട്ടേറ്റു ചികിത്സയിലായിരുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു. കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശി ആര്. വാസുവാണ് (63) മരിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും, ചുമട്ടു തൊഴിലാളി യൂണിയന് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന വാസുവിനെ ആര്‍എസ്എസ് സംഘം 2017 ഫെബ്രുവരി 11നു കുണ്ടുകാട് പാര്‍ട്ടി ഓഫിസില്‍ കയറി ആക്രമിച്ചെന്നാണു കേസ്. രാവിലെ ആറിന് പാര്‍ട്ടി ഓഫിസിനു മുന്നില്‍ പത്രം വായിക്കുകയായിരുന്ന വാസുവിനെ 3 ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമിച്ചത്. സംഭവത്തില്‍ 5 പേര് അറസ്റ്റിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ വാസു ഒന്നര മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 3 ദിവസം വെന്റിലേറ്ററിലും, 10 ദിവസം ഐസിയുവിലും കിടന്നു.
ശരീരമാസകലം ഇരുപത്തഞ്ചോളം വെട്ടുകള്‍ കൊണ്ട വാസുവിനു പിന്നീട് വൃക്കരോഗം ബാധിച്ചു. തുടര്ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. ഭാര്യ: സത്യഭാമ മക്കള്‍: സരിത, സജിത, സബിത. മരുമക്കള്‍: ശിവന്, അനീഷ്, പ്രവീണ്‍