ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ മുന്‍ ഭരണങ്ങള്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇവരെ ജയിലിലടച്ചു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ചന്ദ് സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയുടെ തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ”മുന്‍ സര്‍ക്കാരുകളുടെ കാലത്ത്, ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കും അഴിഞ്ഞാടാന്‍ അനുവാദമുണ്ടായിരുന്നു. മുമ്പ് അനധികൃത അധിനിവേശ ടൂര്‍ണമെന്റുകള്‍ ഉണ്ടായിരുന്നു. മീററ്റിലെയും സമീപ പ്രദേശങ്ങളിലെയും ആളുകള്‍ക്ക് അവരുടെ വീടുകള്‍ കത്തിച്ചത് ഒരിക്കലും മറക്കാനാവില്ല. സ്വന്തം വീട് ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായത് മുന്‍ സര്‍ക്കാരുകളുടെ വിനോദത്തിന്റെ ഭാഗമായിരുന്നു.” മോദി പറഞ്ഞു.
അഞ്ച് വര്‍ഷം മുമ്പ് പെണ്‍മക്കള്‍ വൈകുന്നേരം പുറത്തിറങ്ങാന്‍ ഭയപ്പെട്ടിരുന്നു. ഇന്ന് അവര്‍ രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ കൈവരിക്കുന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ചന്ദ് സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, മീററ്റിലെ സര്‍ധന പട്ടണത്തിലെ സലാവ, കൈലി ഗ്രാമങ്ങളില്‍ 700 കോടി രൂപ ചെലവിലാണ് സര്‍വകലാശാല സ്ഥാപിക്കുന്നത്.