ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദിയൂരപ്പയുടെ വസതിക്ക് മുന്നിൽ വൻ പ്രതിഷേധം. പട്ടികജാതി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാനം കേന്ദ്രസർക്കാറിന് സമർപ്പിച്ച ശിപാർശ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബഞ്ജാര വിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
യദിയൂരപ്പയുടെ ശിവമൊഗ്ഗ ജില്ലയിലെ ശിക്കാരിപുരയിലെ വീടിനുമുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ വീടിന് നേരെ കല്ലെറിഞ്ഞ് അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ത്രീകളുൾപ്പടെയുള്ള പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. സംഘർഷത്തിൽ പ്രതിഷേധക്കാർക്കും പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായാണ് റിപ്പോർട്ട്.
സംസ്ഥാനത്തെ സംവരണ ക്രമത്തിൽ കർണാടക സർക്കാർ മാറ്റം വരുത്തിയിരുന്നു. എ.ജി സദാശിവ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മാറ്റം. എന്നാൽ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.