അല്‍മാട്ടി : കസഖ്സ്ഥാനില്‍ ഇന്ധനവില വര്‍ധനയെച്ചൊല്ലി ആരംഭിച്ച അക്രമാസക്ത പ്രക്ഷോഭത്തെ തുണച്ചതിന് മുന്‍ പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ സമിതി മുന്‍ അധ്യക്ഷനുമായ കരിം മാസിമോവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് മാസിമോവിനെ സമിതി അധ്യക്ഷസ്ഥാനത്തു നിന്ന് പ്രസിഡന്റ് കാസിം ജോമര്ട് ടൊകയേവ് നീക്കിയത്. നൂര്‍സുല്‍ത്താന്‍ നസര്‍ബയേവ് പ്രസിഡന്റായിരുന്നപ്പോള്‍ 2 തവണ പ്രധാനമന്ത്രി ആയിരുന്നു മാസിമോവ്. ജനരോഷത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രാജിവയ്ക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടും പ്രക്ഷോഭം തുടരുകയാണ്. പൊലീസ് വെടിവയ്പില്‍ 26 പേര് കൊല്ലപ്പെട്ടതായാണ് കണക്ക്. അക്രമങ്ങളില്‍ 18 സുരക്ഷാ സൈനികരും കൊല്ലപ്പെട്ടു. 4400 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ പ്രസിഡന്റ് ഉത്തരവിട്ടിരുന്നതിനാല്‍ ഇന്നലെ അല്‍മാട്ടി നഗരത്തില്‍ സ്ഥിതി പൊതുവേ ശാന്തമായിരുന്നു. അക്താവുവില് പ്രതിഷേധക്കാരെ പൊലീസ് വിരട്ടിയോടിച്ചു. കിസിലോര്ദയില് അങ്ങിങ്ങ് വെടിയൊച്ച മുഴങ്ങി. പ്രധാന നഗരങ്ങളിലെല്ലാം കനത്ത പൊലീസ്, പട്ടാള സാന്നിധ്യമുണ്ട്. റഷ്യയുടെ നേതൃത്വത്തിലുള്ള 6 മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളുടെ സൈനിക സഖ്യമായ കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്ഗനൈസേഷന് 2500 സൈനികരെ സമാധാനപാലനത്തിനായി കസഖ്സ്ഥാനിലേക്ക് അയച്ചിരുന്നു. പ്രസിഡന്റിന്റെ ഓഫിസിനുള്‍പ്പെടെ ഇവരാണ് സുരക്ഷയൊരുക്കുന്നത്. കസഖ്സ്ഥാനിലെ റഷ്യന്‍ ഇടപെടലില്‍ യുഎസ് ആശങ്ക പ്രകടിപ്പിച്ചു.