തിരുവനന്തപുരം: സിപിഎമ്മിനെതിരെ മുന്‍മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയില്‍. തന്നെ ആക്രമിച്ച കേസിൽ മൂന്ന് സാക്ഷികൾ കൂറുമാറി. സാക്ഷികൾ മൊഴി മാറ്റിയത് തന്നെയാണ് കേസ് വിട്ടുപോകാൻ കാരണം. കുറ്റ്യാടി എംഎൽഎ നടത്തിയ പരാമർശത്തിൽ ആണ് മുൻ മന്ത്രിയുടെ വിശദീകരണം. കേസിൽ ആരും കൂറുമാറിയിട്ടില്ലെന്ന് കുഞ്ഞമ്മദ് കുട്ടി പറഞ്ഞിരുന്നു. ബിജെപിക്കാർ പ്രതിയായ കേസിലാണ് സിപിഎം സാക്ഷികൾ കൂറുമാറിയത്. സിപിഎം എംഎല്‍എയെ സഭയില്‍ തിരുത്തി ചന്ദ്രശേഖരന്‍.
ആർഎസ്എസ് പ്രവർത്തകർ പ്രതികളായ കേസിൽ സാക്ഷികൾ ആയ സിപിഎം പ്രവർത്തകർ കൂറുമാറിയ സംഭവം വൻ വിവാദമായിരുന്നു. കേസിൽ ആരും കൂറു മാറിയിട്ടില്ല എന്നായിരുന്നു സിപിഎം എംഎൽഎ കുഞ്ഞമ്മദ് കുട്ടി നേരത്തെ സഭയിൽ പറഞ്ഞത്. ഈ സാഹചര്യത്തിൽ ആയിരുന്നു വിശദീകരണം.
തന്നെ ആക്രമിച്ച കേസിലെ സിപിഎം നേതാക്കളുടെ കൂറുമാറ്റത്തില്‍ സിപിഐ നേതൃയോഗത്തിൽ ഇ ചന്ദ്രശേഖരൻ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വിധി വന്ന ശേഷം സംസ്ഥാന സെക്രട്ടറി അടക്കം ആരും വിളിച്ചില്ല. നിയമസഭയില്‍ വ്യക്തിപരമായ വിശദീകരണം നല്‍കാന്‍ അനുവദിക്കണമെന്ന് ചന്ദ്രശേഖരൻ ആവശ്യപ്പെട്ടിരുന്നു. വിശദീകരണം നല്‍കാന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അനുമതി നല്‍കിയെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
ചന്ദ്രശേഖരനെ ബിജെപിക്കാര്‍ ആക്രമിച്ച കേസിലെ സിപിഎം കൂറുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ ദേശീയ നേതൃത്വവും രംഗത്തെത്തിയിരുന്നു. 2016 മെയ് 19 നിയമസഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കമുള്ളവര്‍ കുറുമാറിയതിനെ തുടര്‍ന്ന് പ്രതികളെ വിട്ടയച്ചിരുന്നു.