തിരുവനന്തപുരം : സ്വന്തമായി വീടില്ലാത്ത മുൻ മന്ത്രി പി.കെ.ഗുരുദാസനു സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി വീടു നിർമിച്ചു നൽകുന്നു. പുളിമാത്ത് പഞ്ചായത്തിൽ കാരേറ്റ് –നഗരൂർ റോഡിൽ പേടികുളത്ത് ഭാര്യ ലില്ലിക്ക് കുടുംബ ഓഹരിയായി ലഭിച്ച 10 സെന്റിൽ നിർമിക്കുന്ന വീട് ഈ മാസം അവസാനം പൂർത്തിയാകും. വയറിങ്, പ്ലമിങ് ജോലികളാണ് ഇനി ശേഷിക്കുന്നത്. ദീർഘകാലം കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്ന ഗുരുദാസന് ജില്ലയിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ വരെയുള്ളവരിൽ നിന്നു മാത്രം ഫണ്ട് സ്വരൂപിച്ചാണു വീടു നിർമിക്കുന്നത്. ഇപ്പോൾ പാർട്ടി വക ഫ്ലാറ്റിലാണു താമസം. പാർട്ടി സെക്രട്ടേറിയറ്റ് അംഗമായ ഗുരുദാസൻ എറണാകുളത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തോടെ ഒഴിയുകയാണെങ്കിൽ ഫ്ലാറ്റ് വിടും.
ഗുരുദാസൻ താൽപര്യപ്പെട്ടത് 2 കിടപ്പുമുറികളും അടുക്കളയും ഉള്ള വീടാണ്. ഓഫിസ് അടക്കം 3 മുറികൾ, അടുക്കള, ഡൈനിങ് ഹാൾ എന്നീ സൗകര്യങ്ങളാണു പുതിയ വീടിനുള്ളത്. ബന്ധുവായ സജിത് ലാലിനാണു നിർമാണച്ചുമതല. കിണർ, ചുറ്റുമതിൽ, ഗേറ്റ് അടക്കം 33 ലക്ഷം രൂപ ചെലവഴിച്ചാണു വീടു നിർമിക്കുന്നത്.