തിരുവനന്തപുരം> അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പു കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിനെതിരെ പൊലീസ് കേസ്. തിരുവനന്തപുരം കരമന പൊലീസാണ് ശിവകുമാറിനും രണ്ടു കൂട്ടാളികൾക്കുമെതിരെ എഫ്‌ഐആർ റജിസ്‌റ്റർ ചെയ്‌തത്. ശിവകുമാർ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ മൂന്നാം പ്രതിയാണ് ശിവകുമാർ.കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും ശിവകുമാറിന്റെ മുൻ സ്‌റ്റാഫംഗവുമായ രാജേന്ദ്രൻ, സെക്രട്ടറി നീലകണ്‌ഠൻ എന്നിവരാണ് മറ്റു പ്രതികൾ.
സാമ്പത്തിക തട്ടിപ്പിന് ഇരയായ തിരുവനന്തപുരം കല്ലിയൂർ ശാന്തിവിള സ്വദേശിയായ മധുസൂദനൻ എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. സഹകരണ സംഘത്തിൽ 2021 ഏപ്രിൽ 25ന് നിക്ഷേപിച്ച പത്തുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് മധുസൂദനൻ നായർ നൽകിയ പരാതിയിലാണ് എഫ്‌ഐഎആർ. ക്രിമിനൽ വിശ്വാസ ലംഘനം നടത്തിയതിനും വഞ്ചനയും കബളിപ്പിക്കലും നടത്തിയതിന് മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷാ നിയമം 406, 409, 420, 34 തുടങ്ങിയ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.