തിരുവനന്തപുരം : എം എം മണി വ്യക്തിപരമായി അപമാനിച്ചെന്ന പരാതിയുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എസ് രാജേന്ദ്രന്‍ സിപിഐഎം നേതൃത്വത്തിന് നല്‍കിയ പരാതിക്കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങൾ പുറത്തുവിട്ടു. തന്നെ മുന്‍മന്ത്രി കൂടിയായ എം എം മണിയും കെ വി ശശിയും അപമാനിച്ചെന്നും, വീട്ടിലിരിക്കാന്‍ പറഞ്ഞെന്നും മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ കത്തില്‍ ആരോപിക്കുന്നുണ്ട്. പരസ്യ അധിക്ഷേപം പേടിച്ചാണ് താന്‍ ജില്ലാ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നതെന്നും രാജേന്ദ്രന്‍ പറയുന്നു. സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ന്നത്. തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും തന്നെ മാറ്റിയെന്നും കത്തില്‍ പരാമര്‍ശിച്ചു. മുന്‍ മന്ത്രി എം എം മണിയും അപമാനിച്ചു. എംഎല്‍എ ഓഫീസില്‍ വച്ച് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അറിയിച്ചപ്പോള്‍ എം എം മണി തന്നോട് പറഞ്ഞത് കുടുംബം നോക്കി വീട്ടിലിരിക്കാനാണ്. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ സഹായിച്ചാല്‍ തന്റെ സ്വഭാവം മാറുമെന്നും എം എം മണി പറഞ്ഞു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി ശശിയുടെ നേതൃത്വത്തില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടന്നെന്ന് എസ് രാജേന്ദ്രന്‍ കത്തില്‍ പറയുന്നു. ഇക്കാര്യം കേന്ദ്രകമ്മിറ്റി അംഗങ്ങളെ അടക്കം അറിയിച്ചതാണ്. കെ വി ശശിയാണ് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കെ വി ശശി തന്നെ അപമാനിച്ചെന്നും കത്തില്‍ പറയുന്നു.