ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാൾക്ക് 20 പെട്ടി മനുഷ്യശരീര ഭാഗങ്ങൾ വിറ്റതിന് മോർച്ചറി മുൻജീവനക്കാരി തടവിൽ. അർക്കൻസാസ് മോർച്ചറിയിലെ മുൻ ജീവനക്കാരിയായ കാൻഡേസ് ചാപ്മാൻ സ്കോട്ട് ആണ് ഫേസ്ബുക്കിൽ പരിചയപ്പെട്ട പെൻസിൽവാനിയക്കാരന് 20 പെട്ടി മനുഷ്യ ശരീരഭാഗങ്ങൾ വിറ്റത്.
കോടതി രേഖകളിൽ പറയുന്നത് അനുസരിച്ച്, സ്കോട്ട് ഒരു മെഡിക്കൽ സ്കൂളിൽ നിന്ന് തലയോട്ടി, എല്ലുകൾ, പല്ലുകൾ എന്നിവയൊക്കെ എടുത്ത് ഒരു പെൻസിൽവാനിയക്കാരന് വിൽക്കുകയായിരുന്നു. $11,000 – (ഏകദേശം ഒമ്പത് ലക്ഷം രൂപ) -നാണ് വിറ്റത്. ഇപ്പോൾ ജയിലിൽ കഴിയുന്ന സ്കോട്ടിനെതിരെ മോഷണക്കുറ്റമടക്കം അനേകം കുറ്റങ്ങൾ ചാർത്തിയിട്ടുണ്ട്.
2021 -ൽ പെൻസിൽവാനിയക്കാരനായ മനുഷ്യന് എംബാം ചെയ്ത ഒരു പൂർണ മനുഷ്യ മസ്തിഷ്കം നൽകാം എന്നും സ്കോട്ട് വാഗ്ദ്ധാനം ചെയ്തിരുന്നുവത്രെ. ഒമ്പത് മാസത്തിലേറെയായി, സ്കോട്ടും ഇയാളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഭ്രൂണങ്ങൾ, ഹൃദയം, ജനനേന്ദ്രിയങ്ങൾ, ശ്വാസകോശങ്ങൾ, ചർമ്മം, തലച്ചോറ്, മറ്റ് ശരീരഭാഗങ്ങൾ എന്നിവയെല്ലാമാണ് വിൽപന നടത്തിയിരിക്കുന്നത് എന്നാണ് ബോധ്യപ്പെട്ടിരിക്കുന്നത്.
വിചാരണ പൂർത്തിയാകുന്നത് വരെയും സ്കോട്ടിന് ജയിലിൽ തന്നെ കഴിയേണ്ടി വരും എന്ന് റിപ്പോർട്ടുകൾ പറയുന്നു. വെള്ളിയാഴ്ച നടന്ന ഒരു വിചാണക്കിടയിൽ, അസിസ്റ്റന്റ് യുഎസ് അറ്റോർണിയായ അമൻഡ ജെഗ്‍ലി മജിസ്‌ട്രേറ്റ് ജഡ്ജി ജെ. തോമസ് റേയോട് സ്കോട്ട് രക്ഷപ്പെടാൻ സാധ്യതയുണ്ട് എന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്കോട്ടിന്റെ പെരുമാറ്റം അത്ഭുതകരവും ആക്ഷേപകരവുമാണ് എന്ന് ജെഗ്‍ലി വിശേഷിപ്പിച്ചു. ഇവർക്കെതിരെ ജനങ്ങൾ പ്രതിഷേധിക്കാൻ സാധ്യതയുണ്ട് എന്നും ജെഗ്‍ലി സൂചിപ്പിച്ചു. ഇതെല്ലാം അംഗീകരിച്ചു എങ്കിലും അപകടസാധ്യത ഉണ്ടെങ്കിൽ മാത്രമേ സ്കോട്ടിനെ കൂടുതൽ കാലത്തേക്ക് ജയിലിൽ നിർത്താൻ സാധിക്കൂ എന്ന് ജഡ്ജി പറഞ്ഞു.