ദില്ലി : നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ മുൻ സോണൽ ഡയറക്ടർ സമീർ വാംഖഡെയുടെ ബാർ ലൈസൻസ് റദ്ദാക്കി. താനെ കലക്ടർ രാജേഷ് നർവേക്കറാണ് നവി മുംബൈയിലെ വാഷിയിലുള്ള ബാറിൻ്റെ ലൈസൻസ് റദ്ദാക്കിയത്. എൻസിപി മന്ത്രി നവാബ് മാലിക്കിൻ്റെ പരാതിയിന്മേലാണ് നീക്കം. 97ൽ സ്വന്തമാക്കിയ ബാർ കൈവശം വെക്കാൻ അദ്ദേഹത്തിന് അന്ന് നിയമസാധുത ഇല്ലായിരുന്നു എന്ന് കളക്ടർ പറഞ്ഞു. ബാർ ലൈസൻസ് കൈവശം വെക്കാൻ വേണ്ട പ്രായം അദ്ദേഹത്തിന് അന്ന് ഉണ്ടായിരുന്നില്ല എന്നും കലക്ടർ പറഞ്ഞു.
കഴിഞ്ഞ നവംബറിലാണ് നവാബ് മാലിക്ക് സമീർ വാംഖഡെയ്ക്കെതിരെ രംഗത്തുവന്നത്. സമീർ വാംഖഡെക്ക് 17 വയസ്സ് പ്രായമുള്ളപ്പോഴാണ് എക്‌സൈസ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന അച്ഛൻ ദ്യാൻദേവ് വാംഖഡെ സമീറിന്റെ പേരിൽ ബാർ ലൈസൻസ് എടുക്കുന്നത്. സർക്കാർ ജോലിയിൽ പ്രവേശിച്ച ശേഷവും ലൈസൻസ് റദ്ദാക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തിപരമായ കച്ചവടങ്ങൾ നടത്തരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതായി മാലിക് ആരോപിച്ചു. 21 വയസ്സാണ് ബാർ ലൈസൻസിനുള്ള കുറഞ്ഞ പ്രായപരിധി. അതുകൊണ്ട് തന്നെ ഇത് നിയമലംഘനമായിരുന്നു എന്ന് നവാബ് മാലിക്ക് ആരോപിച്ചിരുന്നു. ഇതേ തുടർന്ന് സമീർ വാംഖഡെയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് വകുപ്പ് താനെ കളക്ടർക്ക് കത്തയച്ചു. ഇതിനു പിന്നാലെയാണ് നടപടി.