ഛണ്ഡിഗഢ്: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലി ദൾ നേതാവുമായ പ്രകാശ് സിങ് ബാദൽ അന്തരിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് 95കാരനായ ബാദലിനെ മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഐ.സി.യുവിൽ ചികിത്സയിലിരിക്കെയാണ് മരണം.
പാർട്ടി പ്രസിഡന്റും മകനുമായ സുഖ്ബീർ സിങ് ബാദലാണ് മരണവിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അദ്ദേഹം കർശന നിരീക്ഷണത്തിൽ തുടരുന്നുവെന്നാണ് അറിയിച്ചത്.അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ജൂണിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
1927 ഡിസംബർ എട്ടിനാണ് പ്രകാശ് സിങ് ബാദൽ ജനിച്ചത്. ജാട്ട് സിഖ് കുടുംബത്തിലായിരുന്നു ജനനം. ലാഹോറിലെ ഫോർമാൻ ക്രിസ്ത്യൻ കോളജിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1947ലാണ് അദ്ദേഹം രാഷ്ട്രീയജീവിതത്തിന് തുടക്കമിടുന്നത്. ബാദൽ ഗ്രാമത്തിന്റെ സർപഞ്ചായിട്ടായിരുന്നു തുടക്കം.
പിന്നീട് ബ്ലോക്ക് സമിതി ചെയർമാനായി. 1957ലെ തെരഞ്ഞെടുപ്പിൽ ശിരോമണി അകാലി ദൾ സ്ഥാനാർഥിയായി പഞ്ചാബ് വിധാൻ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1969ൽ ആദ്യമായി മന്ത്രിയായി. കമ്യൂണിറ്റി ഡെവലപ്മെന്റ്, പഞ്ചായത്ത് രാജ്, മൃഗക്ഷേമം, ഡയറി, ഫിഷറീസ് എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തത്. 1972, 1980, 2002 വർഷങ്ങളിൽ പ്രതിപക്ഷ നേതാവായിരുന്നു. 10 തവണ എം.എൽ.എയായിട്ടുണ്ട്.
1970ലാണ് ആദ്യമായി മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്ന സമയത്ത് ഒരു ഇന്ത്യൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു ബാദൽ. 1977 മുതൽ 1980 വരെയും 1997 മുതൽ 2002 വരെയും 2007 മുതൽ 2017 വരെയും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്.