ചെന്നൈ : റിസർവ് ബാങ്ക് മുൻ ഗവർണർ എസ്. വെങ്കിട്ടരമണൻ അന്തരിച്ചു. 92 വയസ്സായിരുന്നു. 8-ാമത്തെ ആർബിഐ ഗവർണറായിരുന്നു എസ് വെങ്കിട്ടരാമൻ. 1990 മുതൽ 1992 വരെ രണ്ട് വർഷക്കാലം അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. തമിഴ്‌നാട് മുൻ ചീഫ് സെക്രട്ടറിയായ ഗിരിജ വൈദ്യനാഥൻ ഉൾപ്പെടെ രണ്ട് പെൺമക്കളുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാലത്തും ഉദാരവത്കരണത്തിന്റെ ആദ്യ നാളുകളിലും ഗവർണറായിരുന്ന എസ് വെങ്കിട്ടരാമൻ 1985 മുതൽ 1989 വരെ ധനമന്ത്രാലയത്തിൽ ധനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
ആർബിഐ ഗവർണറായി നിയമിക്കുന്നതിനുമുമ്പ് കർണാടക സർക്കാരിന്റെ ഉപദേശകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അക്കാലത്ത് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന നാഗർകോവിലിൽ 1931-ൽ ജനിച്ച അദ്ദേഹം ആറ്റിങ്ങൽ മോഡൽ ബോയ്സ് സ്കൂൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. രൂപയുടെ മൂല്യത്തകർച്ചയും സാമ്പത്തിക പരിഷ്‌കരണ പരിപാടികളും ആരംഭിച്ച ഐഎംഎഫിന്റെ സ്ഥിരത പദ്ധതി ഇന്ത്യ സ്വീകരിച്ചതും എസ് വെങ്കിട്ടരാമൻ ഗവർണറായിരുന്ന കാലയളവിൽ ആയിരുന്നു. .